'യൂനിയൻ പുനഃസ്ഥാപിക്കണം', ജാമിഅയിൽ പ്രതിഷേധം കടുപ്പിച്ച് വിദ‍്യാർഥികൾ; ആഘോഷപരിപാടികൾ റദ്ദാക്കി സർവകലാശാല
text_fieldsന്യൂഡൽഹി: കാമ്പസിൽ വിദ്യാർഥി യൂനിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമായതിനെത്തുടർന്ന് 106-ാമത് സ്ഥാപകദിനാഘോഷങ്ങൾ റദ്ദാക്കി ഡൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല. 'തഅ്‌ലീമി മേള' എന്ന പേരിൽ ഒക്ടോബർ 29 മുതൽ നവംബർ ഒന്ന് വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആഘോഷ പരിപാടികളാണ് റദ്ദാക്കിയത്.
വിദ്യാർഥികളുടെ സമരം തുടരുന്ന സാഹചര്യത്തിൽ കാമ്പസിൽ സാധാരണ നില കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നും വിദ്യാർഥികളുടെയും അതിഥികളുടെയും സുരക്ഷ മുൻനിർത്തിയാണ് പരിപാടി ഉപേക്ഷിക്കുന്നതെന്നും ചീഫ് ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ അറിയിച്ചു.2006-ൽ പിരിച്ചുവിട്ട ജാമിയ മില്ലിയ ഇസ്‌ലാമിയ സ്റ്റുഡന്റ്സ് യൂനിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 12 മുതൽ അഞ്ച് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. പ്രക്ഷോഭം പത്താം ദിവസത്തിലേക്ക് കടന്നതോടെ കാമ്പസിനുള്ളിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികളുമായി ചർച്ച നടത്താൻ സർവകലാശാല ഉന്നതതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാർഥി യൂനിയന് പുതിയ ഭരണഘടന തയാറാക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായും ഡീൻ വ്യക്തമാക്കി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികൾക്കെതിരെ എടുത്ത അച്ചടക്ക നടപടികൾ പുനഃപരിശോധിക്കുമെന്നും സർവകലാശാല അറിയിച്ചു.
എന്നാൽ, വിദ്യാർഥികൾ തങ്ങൾ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ യൂനിയൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും അച്ചടക്ക നടപടികൾ പൂർണ്ണമായി പിൻവലിക്കണമെന്നും പ്രോക്ടറെയും സെക്യൂരിറ്റി അഡ്വൈസറെയും ചുമതലകളിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് സമരം തുടരുകയാണ്.

