ബംഗളൂരു: കർണാടകയിൽ രണ്ട് ദിവസം മാത്രം അധികാരത്തിലിരുന്ന് മുഖ്യമന്ത്രി യെദിയൂരപ്പക്ക് പരാജയപ്പെട്ട് രാജിവെക്കേണ്ടിവന്നെങ്കിലും കോൺഗ്രസിന്‍റെ ആശങ്ക തീർന്ന മട്ടില്ല. മെയ് 15 മുതൽ ഹോട്ടലിൽ കഴിയുന്ന കോൺഗ്രസ്^ജെ.ഡി.എസ് എം.എൽ.എ മാർക്ക് ഇനിയും തങ്ങളുടെ മണ്ഡലത്തിലോ വീട്ടിലോ പോകാൻ അനുവാദം ലഭിച്ചിട്ടില്ല. കുമാരസ്വാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്ന 24ന് ശേഷം ഇവരെ ഹോട്ടലിൽ നിന്ന് വിട്ടയച്ചാൽ മതിയെന്ന നിലപാടിലാണ് നേതാക്കൾ.
എം.എൽ.എമാരെ ഒരു ദിവസമെങ്കിലും പോകാൻ അനുവദിക്കാമെന്നായിരുന്നു ആദ്യം പദ്ധതിയെങ്കിലും ബി.ജെ.പി ഇവരെ ചാക്കിട്ട് പിടിക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നതിനാൽ പിന്നീട് അതും വേണ്ടെന്ന് വെക്കുകയായിരുന്നു.
കെംപഗൗഡ അന്താരാഷ്ട്ര വിമാന താവളത്തിനടുത്തുള്ള ഹിൽടൺ ഹോട്ടലാണ് കോൺഗ്രസ് എം.എൽ.എമാരുടെ താവളം. ജെ.ഡി.എസ് എം.എൽ.എമാർ ലെ മെറിഡിയിനിലാണ് തങ്ങിയിരുന്നത് എങ്കിലും പിന്നീട് ദൊദ്ദബല്ലാപുരിലെ ഒരു റിസോർട്ടിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്. നാല് ദിവസത്തോളം മുങ്ങിനടന്ന പ്രതാപ് ഗൗഡ പാട്ടീലും ആനന്ദ് സിങ്ങും ഇപ്പോൾ കോൺഗ്രസ് എം.എൽ.എമാരോടൊപ്പമാണുള്ളത്.
കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, മല്ലകാർജുർ ഖാർഗെ, കെ.സി വേണുഗോപാൽ എന്നിവർ എം.എൽ.എമാരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. 2019 ലെ ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അതിനാൽ എല്ലാവരും സഹകരിക്കണമെന്നും ഡി.കെ ശിവകുമാർ അഭ്യർഥിച്ചു.