Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബാലൻ രാജിവെക്കുക’;...

‘ബാലൻ രാജിവെക്കുക’; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ തെരുവിലിറങ്ങി വിദ്യാർഥികളും പ്രതിപക്ഷവും

text_fields
bookmark_border
Balendra Shah
cancel

നേപ്പാൾ: ഇന്ത്യയും നേപ്പാളും സംബന്ധിച്ച അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പാർലമെന്റിൽ നടത്തിയ പ്രസ്താവനക്കെതിരെ നേപ്പാളിൽ വൻ പ്രതിഷേധം. ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കം ഒരു ഏകപക്ഷീയമായ വിഷയമല്ലെന്നും, പലയിടങ്ങളിലും നേപ്പാൾ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയിട്ടുണ്ടെന്നു​മായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു.

‘ബാലൻ’ എന്ന ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയായി അധികാരമേറ്റ് രണ്ടുമാസത്തിനുള്ളിലാണ് വ്യാപക പ്രതിഷേധം ഉയരുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് പ്രതിപക്ഷവും വിദ്യാർഥി സംഘടനകളും ആരോപിച്ചു.

പ്രധാനമന്ത്രിയുടെ പരാമർശത്തോടെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യ -നേപ്പാൾ അതിർത്തി തർക്കത്തിലേക്ക് വീണ്ടും ശ്രദ്ധ ക്ഷണിച്ചു. ഇന്ത്യ നേപ്പാളിന്റെ ഭൂമി കൈയേറിയതുപോലെ തന്നെ, നേപ്പാളും പലയിടങ്ങളിലും ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഭൂമി കൈയേറിയിട്ടുണ്ടെന്ന്, നേപ്പാൾ ​പാർലമെന്റിൽ ഞായറാഴ്ച ബാലൻ ഷാ നടത്തിയ പ്രസ്താവനയാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. കൂടാതെ ഇന്ത്യയും നേപ്പാളും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ചരിത്രരേഖകളും വിദഗ്ധരുടെ സഹായവും തേടണമെന്നും ബ്രിട്ടീഷ് കാലഘട്ടത്തിലെ ഭൂപടങ്ങൾ ലഭ്യമായതിനാൽ ബ്രിട്ടന്റെ സഹായം തേടാമെന്നും ബലൻ ഷാ നിർദ്ദേശിച്ചിരുന്നു. ഏകപക്ഷീയമായ ആരോപണങ്ങൾക്ക് പകരം ഉഭയകക്ഷി ധാരണയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്നാലെ വ്യാപക പൊതുജന രോഷം അരങ്ങേറി. തിങ്കളാഴ്ച കാഠ്മണ്ഡുവിലെ മൈതിഘർ മണ്ഡലയിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. ‘പരമാധികാരം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ബാലൻ ഷാ ദേശവിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നും അവർ ആരോപിച്ചു. പ്രധാനമന്ത്രിയുടെ നിരുത്തരവാദപരമായ പരാമർശങ്ങളെ പ്രതിപക്ഷ പാർട്ടികളായ നേപ്പാളി കോൺഗ്രസ്, സി.പി.എൻ-യു.എം.എൽ തുടങ്ങിയവ അപലപിച്ചു. പ്രധാനമന്ത്രിയുടെ പരാമർശം ഇന്ത്യയുമായുള്ള കാഠ്മണ്ഡുവിന്റെ ചർച്ചകളെയും നിലപാടുകളെയും ദുർബലപ്പെടുത്തുമെന്നും അവർ വാദിച്ചു. പ്രധാനമന്ത്രിയുടെ പരാമർശത്തോടെ ​പാർലമെന്റിൽ സഭാനടപടികൾ പ്രതിപക്ഷ പാർട്ടികൾ തടസപ്പെടുത്തി. പ്രധാനമന്ത്രി ക്ഷമാപണം നടത്തണമെന്നും പരാമർ​ശങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ആവശ്യം.

അതേസമയം, പ്രതിഷേധം ശക്തമായതോടെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. പ്രധാനമന്ത്രി ഉദ്ദേശിച്ചത് ഔദ്യോഗികമായ അതിർത്തി വിട്ടുകൊടുക്കലിനെയല്ല, മറിച്ച് ദാസ്ഗജ പ്രദേശത്തെ പ്രാദേശികമായ കൈയേറ്റങ്ങളെയും പ്രകൃതിദത്തമായ കാരണങ്ങളാൽ അതിർത്തിയിലുണ്ടാകുന്ന മാറ്റങ്ങളെയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ബലൻ ഷായുടെ പരാമർശത്തിൽ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തി. അതിർത്തി തർക്കങ്ങളിൽ ഒരു മൂന്നാം കക്ഷിക്കും സ്ഥാനമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏകപക്ഷീയമായ ഭൂപട നിർമാണങ്ങൾ അംഗീകരിക്കില്ലെന്നും, ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകവും ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും വിട്ടുവീഴ്ചയില്ലാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1816ലെ സുഗൗളി ഉടമ്പടിയിലാണ് തർക്കത്തിന്റെ വേരുകൾ ആരംഭിക്കുന്നത്. കാളി നദിയുടെ കൃത്യമായ ഉറവിടം എവിടെയാണെന്ന കാര്യത്തിൽ ഇന്ത്യക്കും നേപ്പാളിനും വ്യത്യസ്ത അഭിപ്രായങ്ങളാണ്. ഇത് അതിർത്തി സംബന്ധിച്ച പല വ്യാഖ്യാനങ്ങളിലേക്ക് നയിക്കുന്നു. നദി ലിംപിയാധുരയിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നും അതിനാൽ കാലാപാനിയും ലിപുലേഖും നേപ്പാളി പ്രദേശത്തിനുള്ളിലാണെന്നുമാണ് നേപ്പാളിന്റെ അവകാശവാദം. എന്നാൽ നദിയുടെ ഉറവിടം കാലാപാനിക്ക് അടുത്താണെന്നും ചരിത്രരേഖകൾ, ഭൂമി സർവേകൾ, ദശകങ്ങളായുള്ള ഭരണപരമായ നിയന്ത്രണം എന്നിവ ഇതിന് തെളിവാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയുടെ ഭാഗമായാണ് ഇന്ത്യ ഈ പ്രദേശത്തെ കാണുന്നത്. ചൈനീസ് അതിർത്തിക്കടുത്തുള്ള തന്ത്രപ്രധാനമായ സ്ഥാനമായതിനാൽ ഇന്ത്യ അവിടം പ്രധാന പ്രദേശമായാണ് കണക്കാക്കുന്നത്. ടിബറ്റിലെ കൈലാസ പർവ്വതത്തിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ തീർഥാടകർക്കും വ്യാപാരത്തിനും ഒരു പ്രധാന പാതയായി പ്രവർത്തിക്കുന്നതിനാൽ ലിപുലേഖ് ചുരം പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നു. 2020ൽ ലിപുലേഖ് ചുരത്തിലേക്കുള്ള റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തത് നേപ്പാളിന്റെ പ്രതിഷേധത്തിന് കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalProtestsIndia-Nepal borderIndiabalendra shah
News Summary - Resign Balen Nepal students, Opposition protest against PM's India territory remark
Next Story