Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഹിങ്ക്യൻ അഭയാർഥികളെ കടത്താൻ ശ്രമം; രക്ഷകരായി ബംഗ്ലാദേശ് സേന

text_fields
bookmark_border
BANGALADESH ARMY
cancel

ധാക്ക: മ്യാൻമർ അതിർത്തിക്ക് സമീപം മനുഷ്യക്കടത്ത് സംഘമെന്ന് സംശയിക്കുന്നവരുമായി നടന്ന വെടിവെപ്പിനിടെ റോഹിങ്ക്യൻ അഭയാർഥികളടക്കം 57 പേരെ ബംഗ്ലാദേശ് സുരക്ഷാസേന രക്ഷപ്പെടുത്തിയതായി സൈന്യം വെള്ളിയാഴ്ച അറിയിച്ചു.

വ്യാഴാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. മ്യാൻമർ അതിർത്തിയോട് ചേർന്ന ടെക്നാഫിലെ റോംഗിഖാലി മലനിരകളിൽ സുരക്ഷാസേന പ്രത്യേക ഓപ്പറേഷൻ നടത്തിയതായി ഐ.എസ്.പി.ആർ അറിയിച്ചു. 15 മുതൽ 16 വരെ അംഗങ്ങളുള്ള ആയുധധാരികളായ മനുഷ്യക്കടത്ത് സംഘമെന്ന് സംശയിക്കുന്നവർ 120 ഓളം റോഹിങ്ക്യൻ അഭയാർഥികളെയും ബംഗ്ലാദേശ് പൗരന്മാരെയും തട്ടിക്കൊണ്ടുപോയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.

‘വെടിവെപ്പിനിടെ സൈനികനായ മുഹമ്മദ് ടിറ്റാഷ് ഷെയ്ഖിന്റെ (27) ഇടത് തോളിൽ വെടിയേറ്റു. ഗുരുതരമായി രക്തസ്രാവമുണ്ടായ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്നീട് പരിക്കുകൾ ഗുരുതരമായതിനെത്തുടർന്ന് മരണത്തിന് കീഴടങ്ങി,’ പ്രസ്താവനയിൽ പറഞ്ഞു.

2017ൽ അയൽരാജ്യമായ മ്യാൻമറിൽ സൈനിക നടപടി ശക്തമായതിനെത്തുടർന്ന് പലായനം ചെയ്തവരിൽ 12 ലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർഥികൾ നിലവിൽ ബംഗ്ലാദേശിൽ കഴിയുന്നുണ്ട്. അതിർത്തിക്ക് സമീപമുള്ള കോക്സ് ബസാറിലെ വിശാലമായ അഭയാർഥി ക്യാംപുകളിലാണ് ഇവരിൽ ഭൂരിഭാഗവും കഴിയുന്നത്. തൊഴിൽ തേടിയും വിദേശത്തേക്ക് കടക്കാനുള്ള വഴികൾ അന്വേഷിച്ചും കഴിയുന്ന അഭയാർഥികളെ ലക്ഷ്യമിട്ട് മനുഷ്യക്കടത്ത് സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

2017ൽ മ്യാൻമർ സൈന്യം നടത്തിയ അടിച്ചമർത്തൽ നടപടിക്കിടെ റോഹിങ്ക്യൻ ഗ്രാമങ്ങൾ ചുട്ടെരിക്കുകയും നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട വംശഹത്യാ ആരോപണത്തിലാണ് നെതർലൻഡ്‌സിലെ ഹേഗിലുള്ള ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയിൽ കേസ് നടക്കുന്നത്. കേസിൽ നവംബർ 19ന് കോടതി വിധി പ്രസ്താവിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rescue Operation Saves Rohingya Refugees from Human Traffickers
Next Story