പുതുമയായി യു.എ.ഇ സൈന്യം, എന്‍.എസ്.ജി കരിമ്പൂച്ച
text_fields
ന്യൂഡല്‍ഹി: റിപ്പബ്ളിക് ദിനാഘോഷത്തില്‍ ഇക്കുറി തലസ്ഥാന നഗരം മഴയില്‍ മുങ്ങി. നേരിയ ചാറ്റല്‍ മഴ റിപ്പബ്ളിക് ദിന പരേഡിനെ കാര്യമായി ബാധിച്ചില്ളെങ്കിലും ഉച്ചയോടെ ശക്തമായി. രാഷ്ട്രപതി ഭവനില്‍ മുഗള്‍ ഗാര്‍ഡനില്‍ ഒരുക്കിയ റിപ്പബ്ളിക് ദിന വിരുന്ന് മഴയെ തുടര്‍ന്ന് ഹാളിനുള്ളിലേക്ക് മാറ്റേണ്ടി വന്നു. 68ാമത് റിപ്പബ്ളിക്ദിനം രാജ്യമെങ്ങും വിപുലമായാണ് കൊണ്ടാടിയത്. റിപ്പബ്ളിക്ദിന പരേഡ് ഇക്കുറി പുതുമകളാല്‍ ശ്രദ്ധേയമായി.
അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സൈനിക മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനായിരുന്നു ഇക്കുറി റിപ്പബ്ളിക് ദിനാഘോഷത്തിന് മുഖ്യാതിഥി. യു.എ.ഇ സൈനിക സംഘവും റിപബ്ളിക് പരേഡില്‍ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് വിദേശ രാജ്യത്തെ സൈന്യം റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് സൈന്യമാണ് പങ്കെടുത്തത്.
ഇക്കുറി യു.എ.ഇയുടെ കര, നാവിക, വ്യോമസേനകളില്‍നിന്നുള്ള 149 പേരടങ്ങിയ സംഘം പരേഡില്‍ അണിനിരന്നു. എന്‍.എസ്.ജി കമാന്‍ഡോകളുടെ സാന്നിധ്യമാണ് ഈ വര്‍ഷത്തെ പരേഡിന്‍െറ മറ്റൊരു സവിശേഷത. എന്‍.എസ്.ജി കരിമ്പൂച്ച സംഘത്തിന്‍െറ പരേഡ് കാണികളുടെ മനം കവര്‍ന്നു.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ചെറു യുദ്ധവിമാനം തേജസ്സിന്‍െറ പ്രകടനവും പരേഡിന് പെരുമ നല്‍കി. ശത്രുവിന്‍െറ വ്യോമാക്രമണം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ കവചം തീര്‍ക്കുന്ന റഡാര്‍ സംവിധാനം ‘നേത്ര’, ടി 90 ഭീഷ്മ ടാങ്ക് എന്നിവക്ക് പുറമെ, ‘ഡയര്‍ ഡെവിള്‍’ സംഘത്തിന്‍െറ മോട്ടോര്‍ സൈക്കിള്‍
അഭ്യാസം, വ്യോമസേനയുടെ എയര്‍ പരേഡ് എന്നിവ രാജ്യത്തിന്‍െറ സൈനിക ശക്തി വിളിച്ചോതി.
രാജ്യത്തിന്‍െറ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ശ്രദ്ധേയമായി. 17 സംസ്ഥാനങ്ങളില്‍നിന്നുള്ള നിശ്ചല ദൃശ്യങ്ങളാണ് പരേഡില്‍ ഇടം പിടിച്ചത്. കേരളം സമര്‍പ്പിച്ച ആശയത്തിന് അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇക്കുറി കേരളത്തില്‍നിന്ന് നിശ്ചല ദൃശ്യം ഉണ്ടായില്ല.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ പരേഡിന് സാക്ഷികളായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോകോള്‍ ലംഘിച്ച് രാജ്പഥില്‍ ഇറങ്ങി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. പരേഡ് പൂര്‍ത്തിയാക്കി മടങ്ങവെയാണ് ഒരു കിലോ മീറ്ററോളം റോഡിലൂടെ നടന്ന് മോദി ജനങ്ങളെ അഭിവാദ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷവും മോദി ഇതുപോലെ പ്രോട്ടോകോള്‍ ലംഘിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
