ഭരണഘടനയിൽ മതേതരത്വം ഉറപ്പാക്കിയ വഴി
text_fieldsപ്രതീകാത്മക ചിത്രം
രാജ്യത്ത് ഭരണഘടന നിലവിൽ വരുേമ്പാൾ ഒരു ‘മതേതര രാഷ്ട്രമാണ് ഇന്ത്യ’ എന്ന വിശേഷണം ആമുഖത്തിൽ ഉണ്ടായിരുന്നില്ല. അതിന് കാരണം മതേതര രാഷ്ട്രമാണ് ഇന്ത്യ എന്ന് ഭരണഘടനയിൽ എഴുതിവെക്കേണ്ട സവിശേഷ സാഹചര്യം ഒന്നും അന്നുണ്ടായിരുന്നില്ല എന്നതാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും ഗാന്ധിജിയുൾപ്പെടെയുള്ള നേതാക്കളുടെയും നയം ഇന്ത്യയെ മതേതര രാഷ്ട്രമായി കെട്ടിപ്പടുക്കുക എന്നതായിരുന്നു. പുതിയ ഇന്ത്യ ‘സെക്കുലർ’ ആയിരിക്കും എന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. 1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യ ‘സെക്കുലർ സ്റ്റേറ്റാണ്’ എന്ന് ഒൗദ്യോഗികമായി കൂട്ടിച്ചേർക്കുന്നത്.
എങ്കിൽ തന്നെയും മതേതരത്വത്തെപ്പറ്റി ഗൗരവമായ ചർച്ച ഭരണഘടനാ അസംബ്ലിയിൽ പലവട്ടം നടന്നിരുന്നു. 1948 ഡിസംബർ ആറിന് ഭരണഘടനാ അസംബ്ലിയിൽ നടന്ന ‘മതേതരത്വ’ ചർച്ചയാണ് അതിൽ ഒന്ന്. അസംബ്ലിയുടെ വൈസ് പ്രസിഡൻറ് എച്ച്.സി. മുഖർജിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ലോക്നാഥ് മിശ്ര, ജവഹർലാൽ നെഹ്റു, എച്ച്.വി. കമ്മത്ത്, കെ.ടി. ഷാ തുടങ്ങിയവർ പങ്കെടുത്തു. ഏറ്റവും തീവ്രമായ ചർച്ച നടന്നത് 1949 ഒക്ടോബർ 17നാണ്. ഭരണഘടനാ ആമുഖത്തിൽ സെക്കുലർ സ്റ്റേറ്റ് എന്ന് ചേർക്കണമോ എന്നതായിരുന്നു വിഷയം. ഭരണഘടനയുടെ ആമുഖം ദൈവത്തിന്റെ പേരിൽ (In the name of God ) ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം എച്ച്. വി. കമ്മത്ത് അവതരിപ്പിക്കുന്നതിലൂടെയാണ്. കമ്മമത്തിന്റെ ഭേദഗതി നിർദേശം 41ന് എതിരെ 68 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഷിബൻ ലാൽ സക്സേനയും പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയും സമാനമായ ഭേദഗതി അതേ ദിവസം അവതരിപ്പിച്ചു. ഇൗ വരികളിലൂടെ ‘നമ്മൾ നമ്മുടെ സങ്കുചിതവും സെക്റ്റേറിയാനുമായ സ്പിരിറ്റാണ് കാണിക്കുന്നത് എന്നുപറഞ്ഞ് പണ്ഡിറ്റ് കുസ്രു അതിനെ എതിർത്തു.
ബ്രജേശ്വർ പ്രസാദ് കൊണ്ടുവന്ന സെക്കുലർ സോഷ്യലിസ്റ്റ് എന്ന ഭേദഗതിയും തള്ളപ്പെട്ടു. ‘‘ഇന്ത്യൻ രാഷ്ട്രത്തിന് ഒരു മതത്തോടും വിഭാഗത്തോടും വിശ്വാസത്തോടും ഒരുവിധ മമതയുമില്ല’’ എന്ന് പ്രത്യേകമായി ചേർക്കണം എന്ന് ശാസ്ത്രജ്ഞനായ കെ.ടി. ഷാ ആവശ്യപ്പെട്ടു. ഇതും അംഗീകരിക്കപ്പെട്ടില്ല. സെക്കുലറിസത്തിന്റെ വക്താവായ ജവഹർലാൽ നെഹ്റു, ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം സർവ ധർമ സമഭാവനക്കും ധർമനിരപേക്ഷതക്കും ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കും എന്ന് വാദിച്ചു.
അംബേദ്കർ സമർപ്പിച്ച ആദ്യത്തെ കരട് ഭരണഘടനയിൽ അമേരിക്കൻ ഭരണഘടനയിലെ ഒന്നാമത്തെ ഭേദഗതിക്ക് സമാനമായ ‘രാഷ്ട്രം ഒരു മതത്തെയും രാഷ്ട്രത്തിന്റെ മതമായി അംഗീകരിക്കുന്നില്ല’ എന്ന മതേതരത്വത്തിന്റെ അടിസ്ഥാന തത്ത്വം ചേർത്തിരുന്നു. എന്നാൽ, മൗലിക അവകാശങ്ങളെക്കുറിച്ചുള്ള ഉപകമ്മിറ്റി ഇത് ഒഴിവാക്കിയപ്പോൾ അംബേദ്കർ എതിർത്തില്ല. ചർച്ചകൾക്കൊടുവിൽ എല്ലാ മതങ്ങളോടും തുല്യ മനോഭാവം തുല്യ ആദരവ് എന്ന സങ്കൽപം ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായി സ്വീകരിക്കപ്പെട്ടു.
മുങ്ങിപ്പോയ ‘പ്രത്യേക മണ്ഡലങ്ങൾ’
പാകിസ്താൻ രൂപവത്കരിക്കപ്പെട്ടതോടെ, വിഭജനത്തിനുമുമ്പ് തെരഞ്ഞെടുപ്പിൽ മുസ്ലിംകൾക്ക് ഉണ്ടായിരുന്ന പ്രത്യേക നിയോജക മണ്ഡലങ്ങൾ എന്നത് വാദം പോലുമാകാത്ത വിധം ഇല്ലാതായി. അത് പുനഃസ്ഥാപിക്കണമെന്ന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിൽ മലബാറിൽ നിന്നുള്ള ബി. പോക്കർ സാഹിബ് ആവശ്യപ്പെട്ടു. 1947 ആഗസ്റ്റ് 25നായിരുന്നു അത്. അദ്ദേഹത്തിന്റെ ശബ്ദം ദുർബലമായിരുന്നു. ‘രാജ്യത്തെ ഇന്നത്തെ അവസ്ഥയിൽ അമുസ്ലിംകൾക്ക് മുസ്ലിം സമുദായത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കാൻ ഏറെ പ്രയാസമാകുമെന്നും വേറിട്ട നിയോജക മണ്ഡലങ്ങൾ റദ്ദാക്കപ്പട്ടാൽ പ്രധാന ഗ്രൂപ്പുകൾക്ക്, തങ്ങൾക്ക് രാജ്യഭരണത്തിൽ വേണ്ടത്ര പങ്കുണ്ട് എന്ന തോന്നലുണ്ടാവില്ല’ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിനെതിരെ സർദാർ പട്ടേൽ രംഗത്തുവന്നു. വേറിട്ട നിയോജക മണ്ഡലങ്ങൾ മുമ്പ് രാജ്യത്തെ വിഭജനത്തിലേക്കാണു നയിച്ചത് എന്നും, ‘‘അത്തരത്തിലാകണം കാര്യങ്ങൾ എന്നു കരുതുന്നവർക്കുള്ള സ്ഥാനം പാകിസ്താനിലാണ്, ഇവിടെയല്ല’’, എന്നും പട്ടേൽ പറഞ്ഞു. കരഘോഷങ്ങളിൽ പ്രത്യേക നിയോജക മണ്ഡലങ്ങൾ എന്ന വാദം മുങ്ങിപ്പോയി. വിഭജനത്തിനുശേഷം നിലനിന്ന സവിശേഷ സാഹചര്യത്തിൽ മറ്റ് മുസ്ലിം അംഗങ്ങൾ പോലും പോക്കർ സാഹിബിനെ പിന്തുണച്ചില്ല.
ഭരണഘടനക്ക് ചെലവ് 64 ലക്ഷം രൂപ
രണ്ടു വർഷവും 11 മാസവും 18 ദിവസവും കൊണ്ട് പൂർത്തിയാക്കിയ ‘ഇന്ത്യൻ ഭരണഘടന’ 1950 ജനുവരി 26ന് പ്രാബല്യത്തിൽ വരുമ്പോൾ അതിനായി ആകെ ചെലവഴിച്ചത് 6.4 ദശലക്ഷം രൂപയായിരുന്നു. അന്നത്തെ പണമൂല്യമനുസരിച്ച് ആ തുക അതിഭീമമായിരുന്നു.
395 ആർട്ടിക്കിളുകൾ, 8 ഷെഡ്യൂളുകൾ, 22 ഭാഗങ്ങൾ എന്നിവയുണ്ടായിരുന്നു ഭരണഘടനക്ക്. റിപ്പബ്ലിക്കായതിനുശേഷം ലോക്സഭ സമ്മേളിച്ചപ്പോൾ ഗണേഷ് വാസുദേവ് മാവ്ലങ്കറായിരുന്നു ആദ്യ സ്പീക്കർ.
1946 ഡിസംബർ മുതൽ 1949 ഡിസംബർവരെ വരുന്ന കാലയളവിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ അതിന്റെ ഓരോ വകുപ്പും ഇഴകീറി ചർച്ചചെയ്തു. 11 തവണ അസംബ്ലി യോഗം ചേർന്നു. 165 ദിവസങ്ങൾ ചർച്ച നീണ്ടു. അസംബ്ലി അംഗങ്ങളിൽ 82 ശതമാനവും കോൺഗ്രസ് അംഗങ്ങളായിരുന്നു. കൂടാതെ മുസ്ലിംലീഗ്, ആർ.എസ്.എസ്, ഹിന്ദുമഹാസഭ, കമ്യൂണിസ്റ്റ് പാർട്ടി അനുഭാവികളും അംഗങ്ങളായിരുന്നു.
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നടപടിക്രമങ്ങൾ 11 കൂറ്റൻ വാല്യങ്ങളായി പ്രസിദ്ധം ചെയ്യപ്പെട്ടിട്ടുണ്ട്. 1000 ത്തിലധികം പേജുവരുന്ന ഓരോ വാല്യവും വളരെ സൂപ്രധാനമാണ്. ഭരണഘടനാശിൽപികളെപ്പറ്റി അമൂല്യമായ വിവരങ്ങൾ ഇവ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

