'ഇയാളെ ഇവിടെ കാണാൻ പാടില്ല'; നാഗാലാൻഡ് ബി.ജെ.പി ഉപമുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ മാധ്യമപ്രവർത്തകന് വെടിയേറ്റു
text_fieldsവെടിയേറ്റ മാധ്യമ പ്രവർത്തകൻ ദീപ് സൈകിയ, നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാറ്റൺ
ന്യൂഡൽഹി: നാഗാലാൻഡ് ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ യാൻതുംഗോ പാറ്റണിന്റെ ഭീഷണിക്ക് പിന്നാലെ മണിപ്പൂരിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു.
ശനിയാഴ്ച ലൈയ് ഗ്രാമത്തിൽ നടന്ന ഒരു പുഷ്പമേള റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഹോൺബിൽ ടിവിയിലെ റിപ്പോർട്ടർ ദീപ് സൈകിയക്ക് വെടിയേറ്റത്. കാലിലും കക്ഷത്തിലുമാണ് വെടിയേറ്റത്. മാധ്യമപ്രവർത്തകന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 23ന് ലൈയ് ഗ്രാമത്തിൽ നടന്ന ഒരു പുഷ്പമേള റിപ്പോർട്ട് ചെയ്യുന്നതിനിടെ ഉപമുഖ്യമന്ത്രി പാറ്റൺ റിപ്പോർട്ടറെ പരസ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അസം അതിർത്തിയിൽ തർക്കം നിലനിൽക്കുന്ന പ്രദേശമായ റെങ്മ ഫോറസ്റ്റ് റിസർവിൽ ഒഴിപ്പിക്കൽ നടപടിക്കിടെ യാൻതുംഗോ പാറ്റണോ പ്രാദേശിക എം.എൽ.എ ആയിരുന്ന അച്ചുമെംബോ കിക്കോണോ സന്ദർശിച്ചില്ലെന്ന ഗ്രാമവാസികളുടെ ആരോപണം ഹോൺബിൽ ടിവി റിപ്പോർട്ട് ചെയ്തിരുന്നു. സൈകിയയുടെ റിപ്പോർട്ടിൽ ഗ്രാമീണർ പറയുന്നതനുസരിച്ച് ജൂലൈ 24 ന് മാത്രമാണ് പാറ്റൺ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചത്.
ആഗസ്റ്റ് 24 ന് ഹോൺബിൽ ടിവി സംപ്രേഷണം ചെയ്ത വോഖ ജില്ലയിലെ ലിഫന്യാൻ ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിന്റെ ഒരു വിഡിയോ ക്ലിപ്പിൽ നാഗാ പ്രദേശങ്ങളിൽ നിന്ന് സൈകിയയെ ഇവിടെ കാണാൻ പാടില്ലെന്നും തുരത്തണമെന്നും 'ചിലരോട്' താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ ഇതുവരെ അത് ചെയ്തിട്ടില്ലെന്നും പാറ്റൺ പറയുന്നത് കാണാം. സൈകിയ അസമിൽ നിന്നുള്ളയാളാണ്. തന്റെ 'മുന്നിൽ ഇരിക്കരുതെന്നും' പാറ്റൺ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിർത്തി വിഷയത്തിൽ പ്രദേശത്തെ മുൻ എം.എൽ.എ എം.കിക്കോണുമായി അഭിമുഖം നടത്തിയതിനും റിപ്പോർട്ടറെ പാറ്റൺ ചോദ്യം ചെയ്തു.
ഇതിന് തൊട്ടുപിന്നാലെയാണ് സൈകിയക്ക് വെടിയേൽക്കുന്നത്. പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് ഹോൺബിൽ ടി.വി പറഞ്ഞു. കൊഹിമ പ്രസ് ക്ലബ്, മൊകോക്ചുങ് പ്രസ് ക്ലബ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി സംഘടനകൾ പ്രതിഷേധിച്ചു.
മന്ത്രിമാരുടെ പബ്ലിക് റിലേഷൻസ് ഓഫീസർമാരായി സേവനമനുഷ്ഠിക്കുകയല്ല, പൗരന്മാർക്ക് ശബ്ദം നൽകുക എന്നതാണ് പത്രപ്രവർത്തകരുടെ കടമയെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

