ഇന്ത്യക്കെതിരെ സൈബർ സേനയെ രൂപീകരിക്കാൻ പാകിസ്താനെ തുർക്കി സഹായിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത്
text_fieldsന്യൂഡൽഹി: ഉഭയകക്ഷി കരാർ മറയാക്കി സൈബർ സേന രൂപീകരിക്കാൻ തുർക്കി പാകിസ്താനെ രഹസ്യമായി സഹായിച്ചെന്ന് റിപ്പോർട്ടുകൾ. അമേരിക്കയെയും ഇന്ത്യയെയും ആക്രമിക്കാനും പാകിസ്താൻ ഭരണാധികാരികൾക്കെതിരെയുള്ള വിമർശനങ്ങളെ ഇല്ലാതാക്കാനും തെക്കുകിഴക്കൻ ഏഷ്യയിലെ മുസ്ലിംകളെ സ്വാധീനിക്കാനും ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും മറ്റുമായി സൈബർ സേനയെ ഉപയോഗിച്ചെന്ന് 'നോർഡിക് മോണിറ്റർ' റിപ്പോർട്ട് ചെയ്തു.
2018 ഡിസംബർ 17ന് സുലൈമാൻ സോയ്‌ലുവും അന്നത്തെ ആഭ്യന്തര സഹമന്ത്രി ഷെഹ്‌രിയാർ ഖാൻ അഫ്രീദിയും തമ്മിൽ നടത്തിയ സ്വകാര്യ ചർച്ചയിലാണ് ഇത്തരമൊരു യൂണിറ്റിനെ കുറിച്ച് നിർദേശിക്കുന്നത്. സോയ്‌ലുവും ഇമ്രാൻ ഖാനും തമ്മിൽ 2018ൽ നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് അനുമതി നൽകിയത്.
ഇക്കഴിഞ്ഞ ഒക്‌ടോബർ 13ന് കഹ്‌റാമൻമാരാസിലെ ഒരു പ്രാദേശിക ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിനിടെയാണ് സോയ്‌ലു ഈ രഹസ്യ ഓപ്പറേഷനെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്. പാകിസ്താനാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും സൂചനകൾ നൽകിയിരുന്നു. തുർക്കിയിൽ നിന്ന് അഞ്ചോ ആറോ മണിക്കൂർ ആകാശമാർഗമെത്താവുന്ന ഒരു രാജ്യമാണെന്ന് ചർച്ചയിൽ വ്യക്തമാക്കി.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്‍റെ പേരിൽ ട്രോൾ, ബോട്ട് ആർമികൾ പ്രവർത്തിപ്പിക്കുന്നതിൽ സോയ്‌ലു കുപ്രസിദ്ധി നേടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയാകുന്നതിന് മുമ്പുതന്നെ സമാനമായ രഹസ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും നോർഡിക് മോണിറ്റർ റിപ്പോർട്ടിൽ പറയുന്നു.
2014-ൽ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് പാർട്ടിയുടെ (എ.കെ.പി) ഡെപ്യൂട്ടി ചെയർമാനായിരുന്നപ്പോൾ, ഒരു വലിയ ട്വിറ്റർ ടീമിനെ സോയ്‌ലു രഹസ്യമായി രൂപീകരിച്ചു. പാർലമെന്ററി റെക്കോർഡ് അനുസരിച്ച് അദ്ദേഹം 6000 ട്രോളർ ആർമിയെ ആ സമയത്ത് നിയന്ത്രിച്ചിരുന്നു. സൈബറിടത്തെ യഥാർഥ കുറ്റകൃത്യങ്ങൾ തിരയുന്നതിനു പകരം എതിരാളികളുടെ ഇ-മെയിലുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്ന തിരക്കിലാണ് സൈബർ യൂണിറ്റിലെ സംഘങ്ങളെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

