‘പശ്ചാത്തപിക്കുന്നു, സമൂഹത്തെ സേവിച്ചു ജീവിച്ചോളാം’; കോടതിയോട് മോചനം തേടി ഗ്രഹാം സ്റ്റെയ്ൻസിനെ കൊലപ്പെടുത്തിയ ധാര സിങ്
text_fieldsന്യൂഡൽഹി: 1999ൽ ആസ്‌ട്രേലിയൻ മിഷനറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ മക്കളായ 11 വയസ്സുള്ള ഫിലിപ്പിനെയും 6 വയസ്സുള്ള തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്ന ജനക്കൂട്ടത്തിന് നേതൃത്വം നൽകിയ ധാര സിങ്ങിന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി ഒഡിഷ സർക്കാറിനോട് ആവശ്യപ്പെട്ടു. രവീന്ദ്ര പാൽ സിങ് എന്ന ധാര സിങ് കൊലപാതകങ്ങൾക്ക് ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ചെയ്ത അതിക്രമങ്ങൾ അംഗീകരിക്കുകയും ആഴത്തിൽ ഖേദിക്കുകയും ചെയ്യുന്നുവെന്ന് തന്റെ ഹരജിയിൽ ധാര സിങ് പറഞ്ഞു. ആവേശത്താൽ ഉത്തേജിതരായ യുവത്വത്തിന്റെ ആഹ്വാനത്തിൽ മനസ്സിന് തൽക്ഷണം നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും ഹരജിയിൽ പറയുന്നു. ഏതെങ്കിലും ഇരയോട് വ്യക്തിപരമായ വിദ്വേഷം ഉണ്ടായിരുന്നില്ലെന്നും അത് ചൂണ്ടിക്കാട്ടി.
ഹരജിയിൽ ‘കർമ’ത്തിൽ വിശ്വസിക്കുന്നുവെന്നും തന്റെ പ്രവൃത്തികളിലൂടെ നേടിയ ദുഷ്‌കർമങ്ങളുടെ ഫലങ്ങൾ പരിഹരിക്കുന്നതിന് മോചനം ആഗ്രഹിക്കുന്നുവെന്നും തന്റെ സ്വഭാവം പരിഷ്കരിക്കാൻ ഒരു അവസരം നൽകണമെന്നും അഭ്യർഥിച്ച 61 കാരനായ സിങ് സമൂഹത്തെ സേവിക്കാനുള്ള തന്റെ ആഗ്രഹവും പ്രകടിപ്പിച്ചു.
ക്രിസ്ത്യൻ മിഷണറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും അവരുടെ വണ്ടിയിയിലിട്ട് കത്തിച്ചുകൊന്ന കേസിൽ 2003ൽ സി.ബി.ഐ കോടതി സിങ്ങിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു. 2005 ൽ ഒഡിഷ ഹൈകോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2011 ൽ സുപ്രീംകോടതി ഹൈകോടതിയുടെ തീരുമാനം ശരിവെച്ചു.
സിങ്ങിന്റെ കൂട്ടാളിയായ മെഹേന്ദ്ര ഹെംബ്രാം കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നു. തെളിവുകളുടെ അഭാവത്തിൽ മറ്റ് 11 പ്രതികളെ ഹൈകോടതി വെറുതെവിട്ടു. മയൂർഭഞ്ച് ഇവാഞ്ചലിക്കൽ മിഷനറി സംഘടനയിൽ പ്രവർത്തിച്ച് കുഷ്ഠരോഗികളെ പരിചരിച്ചുവരികയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. എല്ലാ വർഷവും അവർ ആദിവാസി ഗ്രാമമായ മനോഹർപൂർ സന്ദർശിക്കുകയും വനത്തിൽ ക്യാമ്പ് നടത്തുകയും ചെയ്തിരുന്നു. ജനുവരി 20ന് ഗ്രഹാം സ്റ്റെയിൻസ് ഗ്രാമത്തിലെത്തി രണ്ടു ദിവസത്തേക്ക് പരിപാടികൾ സംഘടിപ്പിച്ചു. ജനുവരി 22ന് രാത്രി സ്റ്റെയിൻസും മക്കളും ഒരു പള്ളിക്ക് പുറത്ത് സ്വന്തം വാഹനത്തിൽ ഉറങ്ങിക്കിടക്കവെ ഹിന്ദുത്വ ആൾക്കൂട്ടം വടികളുമായെത്തി ചില്ലുകൾ തകർത്തു. കാറിനകത്തും താഴെയുമായി വൈക്കോൽ വെച്ച് അത് കത്തിച്ചുവെന്ന് കേസിലെ സാക്ഷിയായ പോൾ മുർമു പറഞ്ഞു.
വലിയ പ്രതിഷേധത്തെത്തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറി. 2000 ജനുവരി 31ന് തോക്ക് വാഗ്ദാനം ചെയ്ത് രഹസ്യ പൊലീസ് ഉദ്യോഗസ്ഥർ ധാരാ സിങ്ങിനെ കെണിയിൽ വീഴ്ത്തി. അറസ്റ്റിലായതിനു രണ്ടു ദിവസത്തിനു ശേഷം ഇയാളെ പൂർണമായും ശാന്തനായി കണ്ടുവെന്നും ഭക്ഷണം കഴിച്ചുവെന്നും പാട്ടു പാടിയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു.
കന്നുകാലി കള്ളക്കടത്തിനെതിരെ പോരാടുന്നയാളെന്ന നിലയിൽ ധാരാ സിങ് പ്രദേശത്ത് കുപ്രസിദ്ധി നേടിയിരുന്നു. മുസ്‍ലിം കന്നുകാലി വ്യാപാരിയായ ഓൾ ദോസ് എന്ന റഹ്മാനെ നേരത്തെ ഇയാൾ കൊലപ്പെടുത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു.
കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ പലരും ബജ്‌റംഗ്ദളുമായി ബന്ധമുള്ളവരായിരുന്നു. 2019ൽ നരേന്ദ്ര മോദി സർക്കാറിൽ ജൂനിയർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രതാപ് ചന്ദ്ര സാരംഗി, സ്റ്റെയിൻസ് കുടുംബത്തിന്റെ കൊലപാതക സമയത്ത് ബജ്‌റംഗ്ദളിന്റെ ഒഡീഷ കൺവീനറായിരുന്നു. കേസിൽ തനിക്ക് പങ്കില്ലെന്നാണ് സാരംഗിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

