'ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് മാറ്റണം'- പ്രധാനമന്ത്രിക്ക് കത്തെഴുതി മുൻ എം.പി
text_fieldsതെലങ്കാന: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതായി മുൻ എം.പിയും തെലങ്കാന ജാഗൃതി പ്രസിഡന്‍റുമായ കെ. കവിത. ദ്വീപുകൾക്ക് ആസാദ് ഹിന്ദ് എന്ന പേര് നൽകണമെന്നാണാവശ്യം. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 129ാം ജന്മദിനാഘോഷ വേളയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൈതൃക സംരക്ഷണം, സാംസ്കാരിക നവോത്ഥാനം, തെലങ്കാനയുടെ സുസ്ഥിര വികസനം എന്നീ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് തെലങ്കാന ജാഗൃതി.
ബ്രിട്ടീഷ് കോളനി വാഴ്ച്ചയിൽ നിന്നും ആദ്യം സ്വതന്ത്രമായ ഇന്ത്യൻ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. പേര് മാറ്റുന്നതിനുള്ള ഭരണഘടനാപരവും ഭരണപരവുമായ നടപടിക്രമങ്ങൾ ആരംഭിക്കണമെന്ന് കത്തിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
ആസാദ് ഹിന്ദ് എന്നത് വെറുമൊരു പ്രതീകാത്മക പദവിയല്ലെന്നും നേതാജിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വീകരിച്ച പരമാധികാരത്തിന്റെ ആദ്യ ശ്വാസമാണെന്നും ഈ നീക്കത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
' രാജ്യത്തിന് പുറത്തേക്ക് പോയി നയതന്ത്ര വൈദഗ്ധ്യം ഉപയോഗിച്ച് ജപ്പാനോട് പിന്തുണ അഭ്യർത്ഥിച്ച ആളാണ് അദ്ദേഹം (സുഭാഷ് ചന്ദ്രബോസ്). ബലപ്രയോഗത്തിലൂടെ അദ്ദേഹം ആൻഡമാൻ നിക്കോബാർ ബ്രിട്ടീഷുകാരിൽ നിന്ന് പിടിച്ചെടുത്തു. അദ്ദേഹം അതിന് ആസാദ് ഹിന്ദ് എന്ന് പേരിട്ടു.
1947 നും വളരെ മുമ്പുതന്നെ അദ്ദേഹം നമ്മുടെ ദേശീയ പതാക അവിടെ പറത്തി. അതൊരു ദേശീയ സ്മരണയാണ്. വളരെ മുമ്പേ ഇത് ആദരിക്കേണ്ടതായിരുന്നു. പക്ഷേ അത് ചെയ്തിട്ടില്ല. ബി.ജെ.പി നിരവധി പേരുകൾ മാറ്റി. എല്ലാ പേരുകളോടും ഞാൻ യോജിക്കുന്നില്ല. പക്ഷേ നേതാജി ഒരു ഊർജ്ജമാണ്. ആൻഡമാൻ നിക്കോബാർ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്. അതിനാൽ ആസാദ് ഹിന്ദ് എന്നായി പേര് മാറ്റണം'- കവിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

