ന്യൂഡൽഹി:മെഡിക്കൽ കോഴ കേസിൽപെട്ട അലഹബാദ് ഹൈകോടതി ജഡ്ജി നാരായൺ ശുക്ലയെ ജോലിയിൽ നിന്ന് മാറ്റി നർത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ജസ്റ്റിസ് ശുക്ലക്കെതിരെ സുപ്രീംകോടതി നിയമിച്ച ഹൈകോടതി ജഡ്ജിമാരുടെ അന്വേഷണസമിതി സമർപ്പിച്ച റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ, ചീഫ് ജസ്റ്റിസിെൻറ നിർദേശ പ്രകാരം ജുഡീഷ്യൽ നടപടികളിൽ നിന്ന് ശുക്ലയെ ഒഴിവാക്കിയിരുന്നു. ഇതേ തുടർന്ന് ശുക്ല 90 ദിവസത്തെ അവധിക്ക് അപേക്ഷ നൽകിയതായാണ് വിവരം.
മെഡിക്കല്‍ കൗൺസിൽ കേസിൽ ജസ്റ്റിസ് ശുക്ലയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോർട്ട്. ശുക്ല ഉൾപ്പെട്ട ബെഞ്ച് 2017 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച വിധിയിൽ സെപ്റ്റംബർ നാലിന് തിരുത്തൽ വരുത്തുകയും ഇതിെൻറ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ കരിമ്പട്ടികയിൽ പെട്ട മെഡിക്കല്‍ കോളജിന് വിദ്യാർഥിപ്രവേശന അനുമതി നൽകി എന്നുമാണ് സമിതിയുടെ കണ്ടെത്തൽ.
ടൈപ് ചെയ്ത വിധി ജസ്റ്റിസ് കൈകൊണ്ട് തിരുത്തുകയായിരുന്നുവെന്നും സിക്കിം ഹൈകോടതി ജസ്റ്റിസ് എസ്.കെ. അഗ്നിഹോത്രി, മധ്യപ്രദേശ് ഹൈകോടതി ജസ്റ്റിസ് പി.കെ. ജെയ്സാൽ, മദ്രാസ് ഹൈകോടതി ജസ്റ്റിസ് ഇന്ദിരാബാനർജി എന്നിവരടങ്ങുന്ന അന്വേഷണ സമിതിയുടെ റിപ്പോർട്ടിലുണ്ട്. ജുഡീഷ്യറിയുടെ അന്തസ്സ് ഇടിച്ചുകളഞ്ഞുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇത് പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നാരായണ്‍ ശുക്ലയോട് വിരമിക്കാനോ അല്ലെങ്കില്‍ സ്വയം മാറിനില്ക്കാനോ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ അദ്ദേഹം തയാറാവാതെവന്നതോടെയാണ് ചീഫ് ജസ്റ്റിസ് കടുത്ത നടപടിയിേലക്ക് നീങ്ങിയത്.