ന്യൂഡൽഹി: ശനിയാഴ്ച രാവിലെ 11 മണിക്കുള്ളിൽ കയ്യേറ്റം ഒഴിയാൻ ഡൽഹി ബി.ജെ.പി അധ്യക്ഷനോട് ആവശ്യപ്പെട്ട് എ.എ.പി. കയ്യേറ്റം ഒഴിഞ്ഞില്ലെങ്കിൽ ബുൾഡോസറുകൾ അയക്കുമെന്നും എ.എ.പി മുന്നറിപ്പുനൽകി. ഡൽഹി ബി.ജെ.പി അധ്യക്ഷൻ ആദേശ് ഗുപ്തയുടെ വീടും ഓഫിസ് നിൽക്കുന്ന സ്ഥലവും കയ്യേറിയതാണെന്ന് എ.എ.പി ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ഡൽഹിയിലെ അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഈ നടപടിക്കെതിരെ എ.എ.പി അടക്കം നിരവധി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കയ്യേറ്റം
പൊളിക്കാനെത്തിയവർക്കെതിരെ പ്രതിഷേധിച്ച എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാനെ പൊലീസ് അറസ്റ്റ് ചെയ്തതാണ് ഇരുപാർട്ടികളും തമ്മിലുള്ള വാക്പോര് മുറുകാൻ കാരണം. എന്നാൽ എ.എ.പി അനധികൃത കുടിയേറ്റക്കാരായ രോഹിംഗ്യനുകളെയും ബംഗ്ലാദേശികളെയും സംരക്ഷിക്കുകയും അവരെ ഉപയോഗിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.