നാട്ടിൽ പോകാതെ വോട്ട്: ആർ.വി.എമ്മുമായി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: ആഭ്യന്തര കുടിയേറ്റക്കാർക്ക് വോട്ടു ചെയ്യാൻ വിദൂര നിയന്ത്രിത വോട്ടുയന്ത്രം അഥവാ റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ആർ.വി.എം) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വികസിപ്പിച്ചു. ജനുവരി 16ന് പ്രദർശിപ്പിക്കുന്ന ആർ.വി.എമ്മിന്റെ പ്രവർത്തനം കാണാൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും കമീഷൻ ക്ഷണിച്ചു. ഓരോ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു ഫലങ്ങളെ സാരമായി സ്വാധീനിക്കാവുന്ന നിർണായകമായ നീക്കം രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചാൽ കുടിയേറ്റ വോട്ടർമാർക്ക് വോട്ടു ചെയ്യാനായി തങ്ങളുടെ നാട്ടിലേക്ക് മടങ്ങേണ്ടി വരില്ല. രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച ശേഷം പദ്ധതി നടപ്പിൽ വരുത്താനുള്ള നടപടികളിലേക്ക് കടക്കുമെന്ന് കമീഷൻ വ്യക്തമാക്കി. വിദൂര വോട്ട് സങ്കൽപം വിശദീകരിച്ചുള്ള കുറിപ്പും വിവിധ രാഷ്ട്രീയ കക്ഷികളുടെ കാഴ്ചപ്പാടുകൾ അറിയാനായി കമീഷൻ പുറത്തുവിട്ടു. യുവജനങ്ങൾക്കും നഗരങ്ങളിലേക്ക് കുടിയേറിയവർക്കും ഒരുപോലെ ഗുണകരമാണ് ഈ രീതിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു.
ദേശീയ പാർട്ടി പദവിയുള്ള എട്ട് രാഷ്ട്രീയ കക്ഷികളുടെയും സംസ്ഥാന പാർട്ടി പദവിയുള്ള 57 കക്ഷികളുടെയും അഭിപ്രായം അറിയാനാഗ്രഹിക്കുന്ന കമീഷൻ അവരെ 16നുള്ള പ്രദർശനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതു കൂടാതെ ഈ 65 പാർട്ടികളുടെയും അഭിപ്രായങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്നും നിർദേശിച്ചു. ഇതര സംസ്ഥാനത്തുനിന്ന് ചെയ്യുന്ന വോട്ടിന്റെ രഹസ്യസ്വഭാവവും വോട്ടർമാരെ തിരിച്ചറിയാൻ വിവിധ പാർട്ടികളുടെ പോളിങ് ഏജന്റുമാർക്കുള്ള സൗകര്യവും ഉറപ്പുവരുത്തുമെന്ന് രാഷ്ട്രീയ പാർട്ടികൾക്കുള്ള കുറിപ്പിൽ കമീഷൻ വ്യക്തമാക്കി. ആർ.വി.എം വഴിയുള്ള വിദൂര വോട്ടിന് 1951ലെ ജനപ്രാതിനിധ്യ നിയമം, 1960ലെ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ചട്ടങ്ങൾ, 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങൾ എന്നിവ ഭേദഗതി ചെയ്യണമെന്ന് കമീഷൻ തുടർന്നു.
വിശ്വാസ്യതയും ഏവർക്കും സ്വീകാര്യവും പ്രാപ്യവുമായ തരത്തിൽ ആഭ്യന്തര കുടിയേറ്റക്കാരുടെ വോട്ടിന് സാങ്കേതികമായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പൊതുമേഖല സ്ഥാപനമാണ് ആർ.വി.എം വികസിപ്പിച്ചതെന്ന് കമീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. എം3 (മാർക്ക് 3) ഇ.വി.എം ആണ് വിദൂര വോട്ടിനായി പ്രയോജനപ്പെടുത്തുക. പലപ്പോഴും താമസസ്ഥലങ്ങൾ മാറേണ്ടി വരുമെന്നതിനാൽ കുടിയേറിയ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആഭ്യന്തര കുടിയേറ്റക്കാർ വിമുഖരാണെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കുടിയേറിയ പ്രദേശവുമായി മതിയായ സാമൂഹിക, വൈകാരിക ബന്ധമില്ലാത്തതും സ്വന്തം സ്വത്തും സ്ഥിരം വിലാസവുമുള്ള മണ്ഡലത്തിലെ വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാത്തതും കുടിയേറിയ സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാതിരിക്കാൻ ആഭ്യന്തര കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കമീഷൻ പറയുന്നു.
വിദൂര നിയന്ത്രിത വോട്ടു യന്ത്രം
തൊഴിലിനും വ്യാപാരത്തിനും മറ്റുമായി ഇതരസംസ്ഥാനത്ത് കഴിയുന്ന വോട്ടർമാർക്ക് അവിടെ നിന്ന് തന്നെ സ്വന്തം നാട്ടിലെ സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആവിഷ്കരിച്ചതാണ് വിദൂര നിയന്ത്രിത വോട്ടു യന്ത്രം (ആർ.വി.എം). കുടിയേറ്റക്കാരായ വോട്ടർമാർ കൂടുതലുള്ള പ്രദേശങ്ങളിൽ പോളിങ് ബൂത്ത് ഒരുക്കി പുതിയ വോട്ടുയന്ത്രം സ്ഥാപിക്കും. ഒരു യന്ത്രത്തിൽ 72 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് വോട്ടു രേഖപ്പെടുത്താൻ കഴിയും. കുടിയേറ്റ വോട്ടർമാരുടെ നിയോജക മണ്ഡലങ്ങളുടെ എണ്ണത്തിനനുസരിച്ച് ആർ.വി.എമ്മുകളുടെ എണ്ണവും കമീഷന് ക്രമീകരിക്കാം.
വിദൂര വോട്ടിന്റെ രീതി, ആർ.വി.എം സാങ്കേതിക വിദ്യയെ വോട്ടർമാർക്ക് പരിചയപ്പെടുത്തൽ, വിദൂര ബൂത്തുകളിൽനിന്നുള്ള വോട്ട്, ഇതര സംസ്ഥാനങ്ങളിലെ വരണാധികാരികളുടെ മുന്നിലേക്ക് അവ എത്തിക്കൽ തുടങ്ങിയ കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചക്ക് ശേഷമായിരിക്കും കമീഷൻ അന്തിമ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

