ഓർമയിലുണ്ട്, ശോഭരാജിന്റെ ഗോവയിലെ അറസ്റ്റ്
text_fieldsപനജി: രാജ്യാന്തര കൊടുംകുറ്റവാളിയും സീരിയൽ കില്ലറുമായ ചാൾസ് ശോഭരാജിനെ നേപ്പാൾ കോടതി വെറുതെ വിടുമ്പോൾ ഗോവക്കും ഓർക്കാൻ ഉദ്വേഗജനകമായ സംഭവങ്ങളുണ്ട്. തായ്‍ലൻഡിലും നേപ്പാളിലുമടക്കം നിരവധി ക്രൂരകൊലപാതകങ്ങൾ നടത്തിയ ശോഭരാജ് 1986ൽ ഡൽഹിയിൽ ജയിൽ ചാടിയതിന് പിന്നാലെ പിടിയിലായത് ഗോവയിൽവെച്ചായിരുന്നു. പോർവോറിമിലെ ‘ഒ കൊക്വീറോ’ റസ്റ്റാറന്റിലിരിക്കുമ്പോഴാണ് 1986 ഏപ്രിൽ ആറിന് വൈകീട്ട് ശോഭരാജ് പിടിയിലാകുന്നത്.
മുംബൈ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ മധുകർ സെൻഡെ തോക്കിൻ മുനയിലാണ് ശോഭരാജിനെ കീഴടക്കിയതെന്ന് ദൃക്സാക്ഷിയായിരുന്ന അർമാൻഡോ ഗോൺസാൽവസ് ഓർക്കുന്നു. സുഹൃത്തിനൊപ്പം അത്താഴം കഴിക്കുന്നതിനിടെയാണ് പൊലീസെത്തിയത്. ഹോട്ടലിന്റെ ഒരുഭാഗത്ത് വിവാഹ പാർട്ടി നടക്കുകയായിരുന്നുവെന്ന് ബിസിനസുകാരനായ ഗോൺസാൽവസ് പറഞ്ഞു. സിനിമ ഷൂട്ടിങ്ങാണെന്നാണ് ആദ്യം കരുതിയതെന്നും ഗോൺസാൽവസ് പറഞ്ഞു. ഡേവിഡ് ഹാൾ എന്ന മയക്കുമരുന്ന് കച്ചവടക്കാരനൊപ്പമായിരുന്നു ശോഭരാജ് റസ്റ്റാറന്റിൽ ഇരുന്നത്. പൊലീസെത്തിയപ്പോൾ ശോഭരാജ് എതിർപ്പിലാതെ കീഴടങ്ങി.
ശോഭരാജിനെ അറസ്റ്റ് ചെയ്ത സ്ഥലമെന്ന നിലയിലാണ് ‘ഒ കൊക്വീറോ’ പിന്നീട് പ്രശസ്തമായത്. 36 വർഷത്തിന് ശേഷവും റസ്റ്റാറന്റ് സജീവമാണ്.മൂലയിൽ ശോഭരാജിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളുടെയും സന്ദർശകരുടെയും സെൽഫി പോയന്റാണിത്. ‘ബിക്കിനി കില്ലർ’ എന്നും ‘സർപ്പം’ എന്നും അറിയപ്പെട്ടിരുന്ന ശോഭരാജ് 2003 മുത
ൽ കാഠ്മണ്ഡുവിലെ ജയിലിലായിരുന്നു. അമേരിക്കക്കാരിയായ കോണി ജോ ബ്രോൻസിച്ചിനെ 1975ൽ കൊലപ്പെടുത്തിയതിനായിരുന്നു ശിക്ഷ. മറ്റ് നിരവധി കൊലപാതകങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നേപ്പാൾ സുപ്രീംകോടതി ഫ്രഞ്ചുകാരനായ ഇയാളെ വെറുതെവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

