റോഹിങ്ക്യകൾക്കെതിരായ പരാമർശം: ചീഫ് ജസ്റ്റിസിന് മുൻ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും തുറന്ന കത്ത്
text_fieldsന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുംവിധം പരാമർശം നടത്തിയ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് തുറന്ന കത്തുമായി മുൻ ജഡ്ജിമാരും അഭിഭാഷകരും. ഡിസംബർ രണ്ടിന് റോഹിങ്ക്യ അഭയാർഥികളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ ‘റോഹിങ്ക്യകളെ അഭയാർഥികളെന്ന് അംഗീകരിക്കുന്ന ഏതെങ്കിലും സർക്കാർ ഉത്തരവുകളുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. ഇതു ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന വിമർശനവുമായാണ് ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മദ്രാസ് ഹൈകോടതി ജഡ്ജിയായിരുന്ന കെ. ചന്ദ്രു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം തുറന്ന കത്ത് അയച്ചത്.
റോഹിങ്ക്യകളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണെന്ന് കത്തിൽ പറയുന്നു. ഇത്തരം പരാമർശങ്ങളിലൂടെ അവരുടെ അന്തസ്സ് താഴ്ത്തിക്കെട്ടുകയാണ്. അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന ഭരണഘടനാ തത്ത്വമാണ് ഇതുവഴി ലംഘിക്കപ്പെടുന്നതെന്നും കത്തിൽ വ്യക്തമാക്കി. നാഷനൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ മോഹൻ ഗോപാൽ, മുതിർന്ന അഭിഭാഷകരായ ഗൗതം ഭാട്ടിയ, പ്രശാന്ത് ഭൂഷൺ, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങി 40ഓളം പേർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

