രാഹുൽ ഗാന്ധിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ
text_fieldsരാഹുൽ ഗാന്ധി
റായ്ബറേലി (യു.പി): നരേന്ദ്ര മോദിയുടെ മാതാവിനെ വോട്ടർ അധികാർ യാത്രക്കിടെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് രാഹുലിന് നേരെ പ്രതിഷേധം ഉയർന്നത്. പ്രവർത്തകൻ നടത്തിയ പരാമർശത്തിൽ രാഹുൽ മാപ്പുപറയണമെന്നായിരുന്നു ബി.ജെ.പിക്കാരുടെ ആവശ്യം
രാഹുലിന്‍റെ വാഹനം കടന്നു പോകുന്ന റോഡിൽ ബി.ജെ.പി പതാകയുമായി നിന്ന് പ്രവർത്തകർ രാഹുലിനും കോൺഗ്രസിനും എതിരെ മുദ്രാവാക്യം വിളിച്ചു. റോഡ് ഉപരോധിക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
അതേസമയം, 'വോട്ട് ചോർ ഗദ്ദി ചോർ' എന്ന മുദ്രാവാക്യം രാജ്യത്തെമ്പാടും വ്യാപിപ്പിക്കാൻ സാധിച്ചെന്നും ഇനിയും ഇക്കാര്യം കൂടുതലായി തെളിയിക്കുമെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് വ്യക്തമാക്കി.
വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി ബിഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്രക്കിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നുള്ള ഒരാളാണ് മോദിയുടെ മാതാവിനെതിരെ മോശം പരാമർശം നടത്തിയത്. പരാമർശത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. എന്നാൽ, പരാമർശത്തോട് പ്രതികരിച്ച കോൺഗ്രസ്, രാഹുലിനും മാതാവ് സോണിയ ഗാന്ധിക്കും എതിരെ ബി.ജെ.പി നേതാക്കൾ മോശം പരാമർശം നടത്തിയിട്ടുണ്ട് ചൂണ്ടിക്കാട്ടി.
അതേസമയം, മാതാവിനെതിരായ പരാമർശത്തിൽ പ്രതികരിച്ച മോദി, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, മരിച്ചുപോയ തന്റെ അമ്മയെയാണ് കോൺഗ്രസും ആർ.ജെ.ഡിയും അധിക്ഷേപിച്ചതെന്ന് പറഞ്ഞു. രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയുമാണ് കോണ്‍ഗ്രസും ആര്.ജെ.ഡിയും അപമാനിച്ചത്. ഇത്തരക്കാര്‍ ഭരിക്കുമ്പോൾ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാകില്ലെന്നും മോദി ആരോപിച്ചു.
അധിക്ഷേപകരമായ പരാമർശം തന്നെയും ബിഹാറിലെ മൊത്തം ജനങ്ങളെയും വേദനിപ്പിച്ചു. മരിച്ചുപോയ തന്റെ അമ്മയെക്കുറിച്ച് ഇത്തരമൊരു അധിക്ഷേപം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. എന്തുതെറ്റാണ് അവര്‍ ചെയ്തത്. കുടുംബാധിപത്യത്തില്‍ അഭിരമിക്കുന്ന പലര്‍ക്കും പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രിയാവുന്നത് അംഗീകരിക്കാനാവുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

