ഹരിയാനയിൽ 3500 വർഷം മുമ്പുള്ള പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; മൗര്യ കാലഘട്ടത്തിലെ ബുദ്ധ സ്തൂപവും വാസ്തുശിൽപ നിർമിതികളും
text_fieldsതോപ്ര കലാൻ അവശിഷ്ടം
ചണ്ഡിഗഡ്: കുംഭഗോപുരം പോലെയുള്ള നിർമിതികൾ, കച്ചവടക്കോപ്പുകൾ സൂക്ഷിക്കുന്ന ഇടം, വിവധതരം കളിമൺ പാത്രങ്ങൾ, മേൾഡു ചെയ്ത ഇഷ്ടികകൾ തുടങ്ങിയ ചരിത്രശേഖരങ്ങൾ.. ഹരിയാനയിലെ യമുനാ നഗർ ജില്ലയിലെ തോപ്ര കലാൻ ഗ്രാമത്തിൽ 3500 വർഷം മുമ്പുളള മനുഷ്യവാസത്തിന്റെ രേഖകൾ കണ്ടെത്തി. സ്തൂപാകൃതിയിലുള്ള നിർമിതി ബുദ്ധനുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും മൗര്യ കാലഘട്ടത്തിലെ നഗരവത്കൃത സമൂഹത്തിന്റെ അവശേഷിപ്പുകളാണ് കണ്ടെത്തിയതെന്നും ഇവിടെ പഠനം നടത്തുന്ന ഹരിയാന ആർക്കിയോളജി ആന്റ് മ്യൂസിയം വകുപ്പ് പറയുന്നു.
ചരിത്ര ഗവേണഷ കൗൺസിൽ നേരിട്ട് നടത്തിയ പഠനത്തിന്റെയും കാൺപൂർ ഐ.ഐ.ടി നടത്തിയ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ പരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ചുള്ള വിശകലനങ്ങൾ നടത്തുന്നതെന്ന് ചരിത്ര ഗവേണഷ കൗൺസിൽ പറയുന്നു. ഐ.ഐ.ടി പഠന റിപ്പോർട്ട് സമപ്പിച്ചു കഴിഞ്ഞു.
ഈ സ്ഥലത്തിന് വലിയ ചരിത്രപ്രാധാന്യമാണുള്ളതെന്നും കൂടുതൽ ഉദ്ഘനനവും ഗവേഷണവും ഇവിടെ നടക്കേണ്ടതുണ്ടെന്നും ജി.പി.ആർ.എസ് സർവേ നടത്തിയ കാൺപൂർ എർത്ത് സയൻസ്‍ വകുപ്പ് കരുതുന്നു. ഇനിയും പഴക്കമുള്ള വസ്തുക്കൾ ഇവിടെ കണ്ടേക്കാമെന്നും ഇവർ പറയുന്നു.
മണ്ണിനടിയിലായിപ്പോയ വാസ്തുവിദ്യാശേഖരങ്ങൾ, ഭിത്തികൾ, പ്ലാറ്റ്ഫോമുകൾ, മുറികൾ, വ്യത്യസ്ത രീതിയിലുള്ള കെട്ടിട ക്രമീകരണങ്ങൾ തുടങ്ങിയവ നാലോ അഞ്ചോ മീറ്റർ താഴ്ചയിൽ ഉണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഇതിൽ നിന്നുതന്നെ കൃത്യമായ പദ്ധതികളിലൂടെ മനുഷ്യർ അധിവസിച്ചിരുന്ന ഇടമാണെന്ന് അസന്നിഗ്ധമായി തെളിയുന്നു. സ്തൂപവും ചുറ്റുമുള്ള നിർമിതിയും 0.2 മീറ്ററിനും 0.8 മീറ്ററിനും ഇടയിലാണ് കാണുന്നതെന്നും പറയുന്നു.
പഠനത്തിൽ നിന്ന് തെളിയുന്നത് ഇവിടത്തെ ശേഖരങ്ങളുടെ കാലഘട്ടം ബി.സി 1500 ആണെന്ന് ഹരിയാന ആർക്കിയോളജി വകുപ്പ് ഡെപ്യൂട്ടി ഡെയറക്ടർ ബനാനി ഭട്ടാചാര്യ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
14ാം നൂറ്റാണ്ടിൽ ഫിറോസ്ഷാ തുഗ്ലക്ക് ദേശീയ തലസ്ഥാനത്തേക്ക് മാറ്റിപ്രതിഷ്ഠിച്ച മൗര്യവംശക്കാരുടെ രാജശാസനങ്ങൾ ആലേഖനം ചെയ്യപ്പെട്ട ഡെൽഹി-തോപ്ര അശോകസ്തംഭം നിലനിന്നിരുന്നത് ഇതേ തോപ്ര കലൻ ഗ്രാമത്തിലാണ്. അതിന്റെ ഭാഗമാകാം ഈ പഠനങ്ങളിൽ തെളിയുന്നതെന്നാണ് കരുതുന്നത്.
ചണ്ഡിഗഡിൽ നിന്ന് 90 കിലോമീറ്റർ ദൂരെയാണ് തോപ്രാ കലൻ ഗ്രാമം. ഇപ്പോൾ ജനങ്ങൾ അധിവസിക്കുന്ന ഇവിടെ ഇനിയും ഉദ്ഘനനം ആരംഭിച്ചിട്ടില്ല. ജനങ്ങളെ ഒഴിപ്പിച്ചാൽ മാത്രമേ ഉദ്ഘനനം നടത്താൻ കഴിയൂ. അടുത്തുള്ള മനുഷ്യവാസമില്ലാത്ത മലകളിലും മറ്റും ഉദ്ഘനനം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇവിടത്തെ ജനങ്ങൾ തങ്ങളെ ഒഴിപ്പിക്കുമോ എന്ന ആശങ്കയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

