Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെരുവഴിയിലാകുന്ന...

പെരുവഴിയിലാകുന്ന തൊഴില്‍പട

text_fields
bookmark_border
പെരുവഴിയിലാകുന്ന തൊഴില്‍പട
cancel

ഒറ്റരാത്രികൊണ്ട് എല്ലാം തകിടം മറിഞ്ഞു. ഇടിത്തീവീണതുപോലെയായി നവംബര്‍ എട്ടിന് ശേഷമുള്ള ദിനങ്ങള്‍. സ്വന്തം പണത്തിനായി ഒടുങ്ങാത്ത ക്യൂ. കിട്ടുന്നതോ ഒന്നിനും തികയാത്ത റേഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, അസാധുവാക്കിയത് മുന്തിയ നോട്ടുകള്‍ മാത്രമായിരുന്നില്ല; ഇന്ത്യക്കാരന്‍െറ ജീവിതംകൂടിയാണ്. കൃഷിയിടങ്ങളില്‍നിന്നും വാണിജ്യകേന്ദ്രങ്ങളില്‍നിന്നും അങ്ങാടിയില്‍നിന്നും തെരുവോരങ്ങളില്‍നിന്നും ഇന്നുയരുന്നത് നൈരാശ്യത്തിന്‍െറ നെടുവീര്‍പ്പ് മാത്രം. തൊഴിലാളികള്‍ പിരിച്ചുവിടപ്പെട്ടുകൊണ്ടിരിക്കുന്നു. കര്‍ഷകര്‍ കൂലികിട്ടാതെ പട്ടിണിയിലാണ്. കൃഷിക്കാര്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്ലാതെ വട്ടം കറങ്ങുന്നു. തൊഴിലിടങ്ങള്‍ സംഘര്‍ഷഭരിതം. നാടാകെ അത്യപൂര്‍മായ സാമ്പത്തിക പ്രതിസന്ധിയിലും. പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നാടിന്‍െറ താളവും ജനജീവിതവും എങ്ങനെ അട്ടിമറിച്ചു എന്ന് മാധ്യമം ലേഖകര്‍ നടത്തുന്ന അന്വേഷണപരമ്പര-
‘അസാധുവിന്‍െറ ബാക്കിപത്രം’


എറണാകുളത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന പ്രമുഖ ഷോപ്പ് ശൃംഖലയില്‍നിന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 20 ജീവനക്കാരെ ഒഴിവാക്കി. പുതിയ നിയമനങ്ങളുടെ ഭാഗമായാണ് ഒഴിവാക്കലെന്ന് സ്ഥാപന ഉടമ വിശദീകരിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ കാരണം നോട്ട് അസാധുവാക്കലാണെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നു. ചില്ലറ നോട്ടുകള്‍ കുറഞ്ഞതോടെ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ വില്‍പന കുത്തനെ ഇടിഞ്ഞു. നോട്ട് അസാധുവാക്കിയതിന്‍െറ ആദ്യ നാളുകളില്‍ തീരെ കച്ചവടമുണ്ടായിരുന്നില്ല. ഒരുമാസം പിന്നിട്ടപ്പോള്‍ അല്‍പം പച്ചപിടിച്ചെങ്കിലും പഴയതിന്‍െറ അടുത്തൊന്നും എത്തുന്നില്ളെന്ന് കച്ചവടക്കാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിടല്‍. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് കച്ചവടം സാധാരണ നിലയിലാകുമ്പോള്‍ തിരിച്ചുവിളിക്കാമെന്നാണ് വാക്കാല്‍ കിട്ടിയ ഉറപ്പ്.

കണ്ണൂര്‍ സൗത്ത് ബസാറില്‍ ഏജന്‍റുമാരെ കാത്തിരിക്കുന്ന കൂലിത്തൊഴിലാളികള്‍
 

കേരളത്തിലും പുറത്തും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനമാകട്ടെ ജീവനക്കാരെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും രണ്ടുമാസം വീതം നിര്‍ബന്ധിത വേതനമില്ല അവധി നല്‍കുകയാണ് ചെയ്തിരിക്കുന്നത്. അവധിയിലുള്ള ജീവനക്കാരുടെ ജോലി കൂടി ബാക്കി മൂന്നില്‍ രണ്ടുഭാഗം ജീവനക്കാര്‍ നിര്‍വഹിക്കണമെന്നാണ് വ്യവസ്ഥ. പരാതി ഉയരാതിരിക്കാന്‍ കമ്പനി ആസ്ഥാനത്തുനിന്ന് ശാഖ മാനേജര്‍മാര്‍ക്ക് വാക്കാലാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. മറ്റൊരു ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാര്‍ സമരത്തിലാണ്. സമരം അവസാനിച്ച് പ്രര്‍ത്തനം പൂര്‍വസ്ഥിതി പ്രാപിക്കുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്ന ആശങ്കയിലാണ് ജീവനക്കാര്‍. നോട്ട് അസാധുവാക്കലിനുശേഷം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ഇടപാടുകള്‍ തീരെകുറഞ്ഞു. അതാണ് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കാന്‍ കാരണമായിരിക്കുന്നത്.

ക്രിസ്മസ്-പുതുവര്‍ഷ ആഘോഷവേളയായ ഡിസംബറില്‍ പൊരിഞ്ഞ കച്ചവടം നടക്കുന്ന കൊച്ചിയിലെ ക്ളോത്ത് ബസാറിലും തിരക്കില്ല. ദിവസക്കൂലിക്കാരായ ജീവനക്കാരോട് ഇനി അറിയിച്ചിട്ട് വന്നാല്‍ മതിയെന്നു പറഞ്ഞു കഴിഞ്ഞു പല ഷോപ്പുടമകളും. ടോയ് ഷോപ്പുകള്‍, ബാഗ് വില്‍പന കടകള്‍ തുടങ്ങിയവയില്‍നിന്നും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. നാലും അഞ്ചും ജീവനക്കാരുള്ള കടകളില്‍നിന്ന് രണ്ടു ജീവനക്കാരെ ഒഴിവാക്കിയ സംഭവങ്ങളുമുണ്ട്.
അതിനിടെ, നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് തൊഴില്‍രംഗത്ത് ഉണ്ടായിരിക്കുന്ന അനിശ്ചിതത്വം സംബന്ധിച്ച് റീജനല്‍ ലേബര്‍ കമീഷണര്‍ വിവിധ ജില്ലകളില്‍നിന്ന് റിപ്പോര്‍ട്ട് തേടി. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോട്ടയം ജില്ലകളാണ് എറണാകുളം റീജനല്‍ ലേബര്‍ കമീഷണറുടെ കീഴില്‍ വരുന്നത്. തൊഴിലില്ലാതായതിനെ തുടര്‍ന്ന് നിരവധി മറുനാടന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നകാര്യം ശ്രദ്ധയില്‍പെട്ടതായി ലേബര്‍ കമീഷണര്‍ ഓഫിസ് വൃത്തങ്ങള്‍ സൂചന നല്‍കി. അതേസമയം, തൊഴില്‍ നഷ്ടം സംബന്ധിച്ച പരാതിയുമായി യൂനിയനുകളൊന്നും എത്തിയിട്ടില്ളെന്നും അധികൃതര്‍ പറയുന്നു.

കടകളില്‍നിന്ന് ജോലി നഷ്ടപ്പെടുന്നവര്‍ ഒറ്റക്കോ കൂട്ടായോ പരാതി നല്‍കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍. ഒട്ടുമിക്ക കടകളിലും ഒരു രേഖയുമില്ലാതെയാണ് തൊഴിലെടുക്കുന്നത്. ഈ രംഗത്തെ യൂനിയനുകളാകട്ടെ തീരെ ദുര്‍ബലവുമാണ്. എത്രപേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്ന കണക്കുകള്‍പോലും ലഭിക്കില്ല. അതിനിടെ, നോട്ട് അസാധുവാക്കലിന്‍െറ മറവില്‍, കാര്യക്ഷമത കുറഞ്ഞവരെയും പ്രായമേറിയ ജീവനക്കാരെയും പറഞ്ഞുവിടുന്നതും മുറക്ക് നടക്കുന്നുണ്ട്.

ഹോട്ടലുകളില്‍ കൂട്ടപിരിച്ചുവിടല്‍; 25 ശതമാനം പൂട്ടി
മലപ്പുറത്ത് 30 തൊഴിലാളികള്‍ ഉണ്ടായിരുന്ന പ്രമുഖ ഹോട്ടല്‍ എട്ടു തൊഴിലാളികളെ ഇതിനകം പിരിച്ചുവിട്ടു. പ്രതിസന്ധി തീരുന്ന മുറക്ക് തിരിച്ചുവിളിക്കാം എന്ന വ്യവസ്ഥയിലാണ് ഒഴിവാക്കല്‍. ആളുകളുടെ വരവ് കുറഞ്ഞതോടെ 10 സപ്ളയര്‍മാര്‍ ഉണ്ടായിരുന്നത് ആറാക്കി കുറച്ച ഹോട്ടലുകളുമുണ്ട്. അടുക്കളയില്‍ ആവശ്യത്തിനുള്ള പാചകക്കാരെ മാത്രമാണ് നിലനിര്‍ത്തുന്നത്. സഹായികളെ മിക്ക ഹോട്ടലുകളും ഒഴിവാക്കുകയാണ്. സംസ്ഥാനത്ത് 25 ശതമാനം ഹോട്ടലുകള്‍ പൂട്ടിയതായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു. അസോസിയേഷനില്‍ ഒരു ലക്ഷത്തിനടുത്ത് ഹോട്ടലുകള്‍ അംഗങ്ങളായുണ്ട്. 10 ലക്ഷത്തില്‍പരം പേര്‍ തൊഴിലെടുക്കുന്ന മേഖലകൂടിയാണിത്. 10 ശതമാനം കച്ചവടം കുറഞ്ഞാല്‍തന്നെ ലാഭം ഇല്ലാതാകുമെന്നും ശമ്പളം നല്‍കാനാകാത്തതാണ് പിരിച്ചുവിടലിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് പല ഹോട്ടലുകളിലും മറുനാടന്‍ ജീവനക്കാരോട് ജനുവരിയോടെ നാട്ടിലേക്ക് മടങ്ങാന്‍ പറഞ്ഞിരിക്കുകയാണ്. കച്ചവടം പൂര്‍വസ്ഥിതിയിലാകുമ്പോള്‍ തിരിച്ചുവിളിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ഇതുവരെയുള്ള ശമ്പളം ഇപ്പോള്‍ നല്‍കാനാവില്ളെന്നും നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാമെന്നുമാണ് ഉറപ്പുനല്‍കിയിരിക്കുന്നത്.

ഈ ഉറപ്പ് എത്രമാത്രം പാലിക്കുമെന്ന് അറിയില്ളെങ്കിലും ജോലിയില്ലാതെ ഇവിടെ തുടര്‍ന്നാല്‍ താമസത്തിനും ഭക്ഷണത്തിനും വേറെ തുക കണ്ടെത്തേണ്ടിവരും. അതിനാല്‍, പലരും നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. നേരത്തേ നാലും അഞ്ചുംപേര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാനത്തെുമ്പോള്‍ 600-700 രൂപയുടെ ബില്ലാകുമായിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ മിക്കവരും ചായ മാത്രം കുടിച്ച് മടങ്ങുന്നതിനാല്‍ കച്ചവടം പേരിന് മാത്രമായെന്നും എറണാകുളം ടി.ഡി റോഡിലെ ഹോട്ടല്‍ വ്യാപാരി പറയുന്നു. ഇതാണ് ഹോട്ടല്‍ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

മുമ്പൊക്കെ ഹോട്ടല്‍ ജോലിക്ക് ആളെ കിട്ടാനായിരുന്നു വിഷമമെങ്കില്‍ ഇപ്പോള്‍ ദിവസവും രണ്ടും മൂന്നും പേരെങ്കിലും ജോലിതേടി എത്തുന്നുണ്ടെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. മറ്റു ഹോട്ടലുകളില്‍നിന്ന് ഒഴിവാക്കിയ തൊഴിലാളികളാണ് ഇങ്ങനെ ജോലിതേടി അലയുന്നത്.
(തുടരും)

Show Full Article
TAGS:demonetization 
News Summary - remainings of demonetization
Next Story