Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അബ്ബൂ, ഇവിടെ...

'അബ്ബൂ, ഇവിടെ എല്ലാവരും ചേർന്ന് എന്നെ തല്ലുകയാണ്... ഒളിച്ചിരുന്നാണ് മെസ്സേജ് അയക്കുന്നത്'; ബിഹാറിൽ ട്രെയിനിലെ അക്രമത്തിനുപിന്നാലെ മതവിദ്യാർഥിയെ കാണാതായി

text_fields
bookmark_border
അബ്ബൂ, ഇവിടെ എല്ലാവരും ചേർന്ന് എന്നെ തല്ലുകയാണ്... ഒളിച്ചിരുന്നാണ് മെസ്സേജ് അയക്കുന്നത്; ബിഹാറിൽ ട്രെയിനിലെ അക്രമത്തിനുപിന്നാലെ മതവിദ്യാർഥിയെ കാണാതായി
cancel

ഗോപാൽഗഞ്ച് (ബിഹാർ): ബലിപെരുന്നാൾ അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മത വിദ്യാർഥിയെ തീവണ്ടിയിൽവെച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചതിന് പിന്നാലെ കാണാതായി. ഉത്തർപ്രദേശിലെ മൗവിലുള്ള ദാറുൽ ഉലൂം അംജദിയ്യയിൽ ഇസ്‌ലാമിക പഠനം നടത്തുന്ന ഇരുപതുകാരനായ ഫൈസാൻ അഹമ്മദ് റസയെയാണ് പൂർവാഞ്ചൽ എക്സ്പ്രസ്സ് തീവണ്ടിയിൽവെച്ച് കാണാതായത്. ബിഹാറിലെ ഗോപാൽഗഞ്ച് സ്വദേശിയായ ഫൈസാൻ, തീവണ്ടിയിൽവെച്ച് അയച്ച അവസാന സന്ദേശം അക്രമത്തെക്കുറിച്ചായിരുന്നുവെന്ന് പിതാവ് പറയുന്നു.

"അബ്ബൂ, ട്രെയിനിൽ വലിയൊരു വഴക്ക് നടക്കുന്നുണ്ട്... എല്ലാവരും ചേർന്ന് തല്ലുകയാണ്... ഞാൻ ഇവിടെ ഒളിച്ചിരുന്നാണ് ഈ മെസ്സേജ് അയക്കുന്നത്..." എന്നാണ് അവസാന സന്ദേശത്തിലുണ്ടായിരുന്നത്.

ഭയന്നുവിറച്ച് തന്റെ പിതാവിന് വാട്സാപ്പിൽ അയച്ച ഈ അവസാന സന്ദേശത്തിനു പിന്നാലെ ഫോൺ സ്വിച്ച് ഓഫാവുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായി.

തീവണ്ടിയിലെ തീവ്രവാദ സ്വഭാവമുള്ള ചില അക്രമിസംഘങ്ങൾ ഫൈസാനെ ലക്ഷ്യമിട്ട് ആക്രമിച്ചതാകാമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ ഗോപാൽഗഞ്ചിലെ ഫുൽവാരിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഹൗസ് ഓഫിസർ കുന്ദൻ കുമാർ സ്ഥിരീകരിച്ചു.

"കഴിഞ്ഞ ദിവസം രാവിലെ 6:45ന് മൗ ജംഗ്ഷനിൽനിന്ന് ട്രെയിൻ കയറിയ ഉടനെ അവൻ ഞങ്ങളെ വിളിച്ചിരുന്നു. എന്നാൽ കൃത്യം 7:06ന് ട്രെയിനിൽ വലിയ പ്രശ്നമാണെന്നും താൻ ഒളിച്ചിരിക്കുകയാണെന്നുമുള്ള അവന്റെ സന്ദേശം വന്നു. അതിനുശേഷം അവനെ ഫോണിൽ കിട്ടിയിട്ടില്ല. വണ്ടി ബെൽത്താര റോഡ് കഴിഞ്ഞ് സലാംപൂർ സ്റ്റേഷനിലേക്ക് നീങ്ങുമ്പോഴാണ് അക്രമം നടന്നതെന്നാണ് കരുതുന്നത്." ഫൈസാന്റെ പിതാവ് ഇംതിയാസ് അഹമ്മദ് റസ വിതുമ്പലോടെ പറഞ്ഞു.

"ട്രെയിൻ യാത്രയിൽ കുർത്തയും പൈജാമയും തൊപ്പിയും ഉൾപ്പെടെയുള്ള മതപരമായ അടയാളങ്ങളുള്ള വസ്ത്രങ്ങൾ ഒന്നും ധരിക്കരുതെന്ന് ഞാൻ അവനോട് പ്രത്യേകം പറഞ്ഞിരുന്നു. മൗ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഞങ്ങൾ പരിശോധിച്ചപ്പോൾ അവൻ ടി-ഷർട്ടും ജോഗേഴ്സും ധരിച്ച് ട്രെയിനിലേക്ക് കയറുന്നത് വ്യക്തമായി കാണാം. അത്രയേറെ മുൻകരുതലുകൾ എടുത്തിട്ടും എന്റെ മകന് ഇത് സംഭവിച്ചു..."

മകൻ മദ്രസയിൽനിന്ന് ഇറങ്ങിയ സമയവും സ്റ്റേഷനിൽ എത്തിയ സമയവുമെല്ലാം കുടുംബം നേരിട്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഊർജിതമായ അന്വേഷണം ഉണ്ടാകണമെന്നും മകനെ ജീവനോടെ തിരികെ കിട്ടണമെന്നുമാണ് പിതാവ് പറഞ്ഞു. പെരുന്നാൾ വന്നെത്തിയിട്ടും, മകന്റെ അവസാനത്തെ ആ ഭയവിഹ്വലമായ വാക്കുകൾ നെഞ്ചിലൊതുക്കി, കണ്ണീരോടെ കാത്തിരിക്കുകയാണ് ഒരു കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biharstudenttrain attackReligious studymissingcase
News Summary - Religious student missing after train attack in Bihar
Next Story