Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്...

രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ നടക്കുന്ന അസഹിഷ്ണുതയെ അപലപിക്കുന്നു; മതപരമായ വിവേചനം എല്ലാ വിശ്വാസക്കാരെയും ബാധിക്കു​മെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ

text_fields
bookmark_border
Permanent Representative to the UN Ambassador P Harish
cancel
camera_alt

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡർ പി. ഹരീഷ്

ന്യൂഡൽഹി: രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ നടക്കുന്ന മതപരമായ അസഹിഷ്ണുതയെ അപലപിക്കുന്ന കാര്യത്തിൽ യു.എൻ അംഗങ്ങൾക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇന്ത്യ. മതപരമായ വിവേചനം എല്ലാ വിശ്വാസങ്ങളിലെയും അനുയായികളെ ബാധിക്കുന്ന വലിയ വെല്ലുവിളിയാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

''ഇന്ത്യ വൈവിധ്യത്തിന്റെയും ബഹുസ്വരതയുടെയും നാടാണ്. ലോകത്തിലെ എല്ലാ പ്രധാന മതവിഭാഗങ്ങളിലും വിശ്വസിക്കുന്നവർ ഇവിടെയുണ്ട്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നീ നാല് ലോക മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. 20 കോടി​യിലേറെ ഇസ്‍ലാംമത വിശ്വാസികൾ ഇന്ത്യയിലുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്‍ലിംകളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പി. ഹരീഷ് ചൂണ്ടിക്കാട്ടി.

മതപരമായ വിവേചനം, വിദ്വേഷം, അക്രമം എന്നിവയിൽ നിന്ന് മുക്തമായ ഒരു ലോകത്തെ വളർത്തിയെടുക്കുക എന്നതാണ് പണ്ടുമുതലേ ഇന്ത്യയുടെ ജീവിത രീതിയെന്നും യു.എൻ പൊതുസഭയിൽ നടന്ന അനൗപചാരിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഹരീഷ് വ്യക്തമാക്കി.

'' മുസ്‍ലിംകൾക്കെതിരായ മതപരമായ അസഹിഷ്ണുതയെ അപലപിക്കുന്നതിൽ രാജ്യം ഐക്യരാഷ്ട്രസഭ അംഗത്വത്തോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു. അതേസമയം, മതപരമായ വിവേചനം എല്ലാ മതങ്ങളിലെയും അനുയായികളെ ബാധിക്കുന്ന ഒരു വലിയ വെല്ലുവിളിയാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്​'' ഇന്ത്യൻ പ്രതിനിധി പറഞ്ഞു.

റമദാൻ മതവിശ്വാസികൾക്ക് അഭിവാദ്യം അർപ്പിച്ചാണ് ഹരീഷ് സംസാരം തുടങ്ങിയത്. ആരാധനാലയങ്ങളെയും മതസമൂഹങ്ങളെയും ലക്ഷ്യം വച്ചുള്ള അക്രമങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ വർധിച്ചുവരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാ വിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കുക എന്ന തത്വത്തോടുള്ള എല്ലാ അംഗരാജ്യങ്ങളുടെയും സുസ്ഥിരമായ പ്രതിബദ്ധതയും കൃത്യമായ നടപടിയും വഴി മാത്രമേ ഇതിനെ ചെറുക്കാൻ കഴിയൂ. എല്ലാ രാജ്യങ്ങളും അവരുടെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കാൻ പ്രതിജ്ഞാബദ്ധരാകണം. മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ പ്രയോഗിക്കരുത്. വിദ്യാഭ്യാസ സമ്പ്രദായം സ്റ്റീരിയോടൈപ്പുകൾ നിലനിർത്തുന്നതോ മതഭ്രാന്തിനെ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെന്ന് നാം ഉറപ്പാക്കണമെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സമൂഹം ഇസ്‌ലാമോഫോബിയ ദിനം ആചരിക്കുമ്പോൾ ആ പോരാട്ടം എല്ലാരീതിയിലുമുള്ള മതപരമായ വിവേചനത്തിനെതിരായ വിശാലമായ പോരാട്ടത്തിൽ നിന്ന് വേർതിരിക്കാനാവാത്തതാണെന്ന് ഓർമിക്കേണ്ടത് പ്രധാനമാണെന്നും ഹരീഷ് ഓർമപ്പെടുത്തി. ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പരിഗണിക്കാതെ അന്തസോടെയും സുരക്ഷിതത്വത്തോടെയും ബഹുമാനത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരു ഭാവിക്കായി പ്രവർത്തിക്കാൻ രാഷ്ട്രങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു.

സമാധാനവും സുരക്ഷയും വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥിരോത്സാഹത്തിൽ നിന്നാണ് ഐക്യരാഷ്ട്രസഭ അതിന്റെ വിശ്വാസ്യത നേടുന്നത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന് പുരോഗതി കൈവരിക്കുന്നതിനും ഐക്യരാഷ്ട്രസഭയും അതിന്റെ സ്ഥാപനങ്ങളും നടത്തുന്ന പ്രവർത്തനങ്ങൾ വളരെ വലുതാണെന്നും ഹരീഷ് ഉറപ്പിച്ചു പറഞ്ഞു.

ഇസ്‍ലാമിക് കോ ഓപറേഷൻ ഓർഗനൈസേഷനിലെ (ഒ.ഐ.സി) 60 അംഗങ്ങളുടെ പിന്തു​ണയോടെ മാർച്ച് 15 അന്താരാഷ്ട്ര ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുള്ള പ്രമേയം യു.എൻ പൊതുസഭ അംഗീകരിച്ചു. ഭീകരതയെയും അക്രമാസക്തമായ തീവ്രവാദത്തെയും ഏതെങ്കിലും മതവുമായോ ദേശീയതയുമായോ നാഗരികതയുമായോ വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്താൻ കഴിയില്ലെന്നും അങ്ങനെ ചെയ്യരുതെന്നും പ്രമേയത്തിൽ ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:un ambassadorUN General AssemblyReligious Discrimination
News Summary - Religious discrimination affects followers of all faiths: India
Next Story