എ. രാജക്ക് ആശ്വാസം; അയോഗ്യനാക്കിയ ഹൈകോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ; എ. രാജ ഹിന്ദുവാണെന്ന് എങ്ങിനെ തീരുമാനിക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ദേവികുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എ. രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈകോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. ഒരു എം.എൽ.എ എന്ന നിലക്കുള്ള വോട്ടവകാശമോ ബത്തയും മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ നിയമസഭാ നടപടികളിൽ മാത്രം പങ്കെടുക്കാൻ അനുമതി നൽകുന്ന തരത്തിൽ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ദുലിയ എന്നിവരടങ്ങുന്ന ബെഞ്ചാബ് ഹൈകോടതി വിധി സ്റ്റേ ചെയ്തത്. പട്ടിക ജാതി മണ്ഡലത്തെ പ്രതിനിധീകരിക്കാൻ എ. രാജ അനുഷ്ഠാനം കൊണ്ട് ഹിന്ദുവാണെന്ന് എങ്ങിനെ തീരുമാനിക്കുമെന്ന് ചോദിച്ച ബെഞ്ച് കേസ് അന്തിമവാദത്തിനായി ജൂലൈ 12ലേക്ക് മാറ്റി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ആവശ്യമായി വന്നാൽ ഇടക്കാല ഉത്തരവിൽ മാറ്റം വരുത്തുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
എ. രാജ കൃസ്തുമതം അനുഷ്ഠിക്കുന്നയാളാണല്ലോ എന്ന് ജസ്റ്റിസ് ദുലിയ പറഞ്ഞപ്പോൾ രാജക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വി വിശ്വനാഥൻ ഖണ്ഡിച്ചു. അനുഷ്ഠാനം കൊണ്ട് രാജ ഹിന്ദുവാണെന്ന് അദ്ദേഹം വാദിച്ചു. അപ്പോഴാണ് അനുഷ്ഠാനം കൊണ്ട് രാജ ഹിന്ദുവാണെന്ന് എങ്ങിനെ തീരുമാനിക്കുമെന്ന് കോടതി ചോദിച്ചത്. രാജ അനുഷ്ഠാനത്തിൽ കൃസ്തുമത വിശ്വാസിയല്ല എന്നതിന് തെളിവൊന്നുമില്ലെങ്കിൽ അദ്ദേഹം ഹിന്ദുവാണെന്നായിരുന്നു വിശ്വനാഥന്റെ മറുപടി.
പട്ടിക ജാതി വിഭാഗത്തിലാകണമെങ്കിൽ ഹിന്ദു, സിഖ്, ജൈന മതങ്ങളിലൊന്ന് അനുഷ്ഠിക്കുകയും അനുവർത്തിക്കുകയും ചെയ്യുന്ന ആളാകണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും രാജ അത്തരത്തിൽ ഹിന്ദുമതം അനുഷ്ഠിക്കുന്നയാളാണെന്നും വിശ്വനാഥൻ മറുപടി നൽകി. രാജ ഹിന്ദുമത വിശ്വാസിയാണെന്നതിനുള്ള തെളിവെന്താണെന്ന് കോടതി ചോദിച്ചപ്പോൾ സാക്ഷിയുണ്ടെന്നും വിശ്വനാഥൻ ബോധിപ്പിച്ചു.
ഒരു മതമാണ് അനുഷ്ഠിക്കുന്നതെന്നതിനുള്ള തെളിവുണ്ടെങ്കിലേ ആ മതക്കാരനാണ് എന്ന് പറയാനാകൂ എന്ന് സുപ്രീംകോടതി വിധിയുണ്ട്. ആ നിലക്ക് കൃസ്ത്യാനിയാണെന്ന് പറയാനുള്ള ഒരു തെളിവും രാജക്കെതിരിലില്ല എന്നും രാജക്കായി അഭിഭാഷകൻ വാദിച്ചു.
അന്തിമ വാദത്തിനായി തങ്ങൾ നോട്ടീസ് അയക്കുകയാണെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് പറഞ്ഞതും സ്റ്റേ വേണമെന്നായി വിശ്വനാഥൻ. സ്റ്റേ ചെയ്തില്ലെങ്കിൽ കമീഷൻ നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തും. അതല്ലെങ്കിൽ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ ആരുമില്ലാതെ പോകും. മുമ്പ് തെരഞ്ഞെടുപ്പ് കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുവദിച്ച സ്റ്റേ രാജക്കും ബാധകമാക്കി നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ രേഖകളിൽ കൃത്രിമം നടത്തിയ ആരോപണമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്രിമം ആരോപിച്ച രേഖയുടെ കാര്യത്തിൽ വിചാരണ കോടതി തനിക്ക് അവസരം നൽകിയില്ല എന്നായിരുന്നു മറുപടി.
തുടർന്ന് ഹൈകോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ അനുവദിക്കുകയാണെന്ന് ഇടക്കാല ഉത്തരവിട്ട ബെഞ്ച് വോട്ടവകാശമോ ഒരു എം.എൽ.എ എന്ന നിലക്കുള്ള ആനുകൂല്യങ്ങളോ ഇല്ലാെത നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ അവസരം നൽകുകയാണെന്ന് വ്യക്തമാക്കി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ആവശ്യമായി വന്നാൽ ഇടക്കാല ഉത്തരവിൽ മാറ്റം വരുത്തുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

