നാഷനൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനും ആശ്വാസം, ഇ.ഡി കുറ്റപത്രം സ്വീകരിക്കാതെ കോടതി
text_fieldsസോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൻ സോണിയ ഗാന്ധിക്കും ആശ്വാസം. കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപത്രത്തിൽ ഇടപെടാൻ വിസമ്മതിച്ചു. സ്വകാര്യ അന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നും കോടതി ഇ.ഡിയോട് നിര്‍ദേശിച്ചു.
കേസില്‍ ഏപ്രിൽ 15നാണ് സോണിയക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. നാഷനൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ്, യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. നാഷനൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം നെഹ്റു കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.
2008ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് നാഷനൽ ഹെറാൾഡ് പത്രം പൂട്ടിയത്. 2010ൽ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേർന്ന് രൂപീകരിച്ച യങ് ഇന്ത്യൻ എന്ന കമ്പനി നാഷനൽ ഹെറാൾഡിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് വാങ്ങുകയായിരുന്നു. പിന്നാലെ തുച്ഛമായ തുകക്കാണ് ഇടപാട് നടന്നതെന്ന ആക്ഷേപമുയർന്നു. ഇടപാടിലൂടെ ഡൽഹി, ലഖ്‍നോ, മുംബൈ അടക്കമുള്ള നഗരങ്ങളിൽ 2,000 കോടിയോളം വിലമതിക്കുന്ന കെട്ടിടങ്ങൾ സോണിയയുടെയും രാഹുലിന്‍റെയും പേരിലായെന്ന് ഇ.ഡി പറയുന്നു. യങ് ഇന്ത്യന്‍റെ 76 ശതമാനം ഓഹരികളും രാഹുൽ ഗാന്ധിയുടെ പേരിലായിരുന്നു എന്നതിന് തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
നേരത്തെ ഇ.ഡി ആവശ്യപ്പെട്ടത് പ്രകാരം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോഡ എന്നിവർക്കെതിരെ നാഷനൽ ഹെറാൾഡ് കേസിൽ ഡൽഹി പൊലീസ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഒക്ടോബർ മൂന്നിന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ വിവരങ്ങൾ പാർലമെന്റ് സമ്മേളനത്തിന്റെ തൊട്ടുമുമ്പ് പുറത്തുവിട്ടിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 403, 406, 420 എന്നിവ പ്രകാരം ക്രിമിനൽ ഗൂഢാലോചന, അനധികൃത സ്വത്ത് സമ്പാദനം, വിശ്വാസ വഞ്ചന, വഞ്ചനാ കുറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയ എഫ്.ഐ.ആറിൽ സോണിയക്കും രാഹുലിനും പുറമെ സാം പിത്രോഡ, സുമൻ ദുബെ, യങ് ഇന്ത്യൻ, ഡോറ്റെക്സ് മർച്ചൻഡൈസ് ലിമിറ്റഡ്, ഡോറ്റെക്സ് പ്രമോട്ടർ സുനിൽ ഭണ്ഡാരി, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് തുടങ്ങിയ കക്ഷികളെയും പ്രതിചേർത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉപദ്രവത്തിന്റെയും ഭയപ്പെടുത്തലിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ പ്രതികാര രാഷ്ട്രീയമാണ് തങ്ങൾ കളിക്കുന്നതെന്ന കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

