‘ജനാധിപത്യത്തിൽ വിയോജിപ്പിെൻറ ശബ്ദം അടിച്ചമർത്താൻ പാടില്ല’; സചിന് സുപ്രീംകോടതിയുടെ ഇടക്കാലാശ്വാസം
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ പട നയിക്കുന്ന വിമത നേതാവ് സചിൻ പൈലറ്റിന് സുപ്രീംകോടതിയിൽനിന്ന് ഇടക്കാലാശ്വാസം. നിയമസഭ സ്പീക്കർ നടത്തുന്ന അയോഗ്യത കൽപിക്കൽ നീക്കത്തിനെതിരെ സചിൻ പൈലറ്റും ഒപ്പമുള്ള 18 എം.എൽ.എമാരും നൽകിയ ഹരജിയിൽ വിധി പറയുന്നതിൽനിന്ന് ഹൈകോടതിയെ വിലക്കണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.
നിഷ്പക്ഷനായി പ്രവർത്തിക്കേണ്ട സ്പീക്കർ കോടതിയെ സമീപിച്ചതിനെ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിെല മൂന്നംഗ ബെഞ്ച് ചോദ്യം ചെയ്തു. ഹൈകോടതി നടപടി മുന്നോട്ടു പോകട്ടെ, സ്പീക്കറുടെ ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുമെന്ന് ജഡ്ജിമാർ വ്യക്തമാക്കി. എന്നാൽ, ഹൈകോടതി വിധി സുപ്രീംകോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.
എം.എൽ.എമാരെ അയോഗ്യരാക്കുമെന്ന ഭീഷണി ഉയർത്തി വിയോജിപ്പിെൻറ ശബ്ദം അടിച്ചമർത്താൻ പാടുണ്ടോ എന്ന വലിയ ചോദ്യം ഈ വിഷയത്തിൽ ഉണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എതിർപ്പ് പ്രകടിപ്പിക്കുന്നത്, പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിന് തുല്യമാണോ? ജനാധിപത്യത്തിൽ എം.എൽ.എമാരുടെ ശബ്ദം ഇങ്ങനെ അടിച്ചമർത്താമോ? അവർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. ജനാധിപത്യത്തെക്കുറിച്ച വലിയ ചോദ്യം ഇതിലുണ്ട്. ജനാധിപത്യം ഇത്തരത്തിൽ എങ്ങനെ നിലനിൽക്കും?
ഒരു നേതാവിന് ആളുകളിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കരുതുക. പാർട്ടിയിൽ തുടർന്നാൽ അയോഗ്യരാക്കില്ല. അങ്ങനെ വരുേമ്പാൾ ഇതൊരു ആയുധമായി മാറും. ശബ്ദമുയർത്താൻ ആർക്കും കഴിയില്ല. പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചാൽ തൊട്ടുപിറകെ അയോഗ്യരാക്കുന്നതിന് നോട്ടീസ് അയക്കാൻ പറ്റുമോ എന്ന് കോടതി ചോദിച്ചു.
പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നതിെൻറ അടിസ്ഥാനത്തിൽ നോട്ടീസ് നൽകാൻ സ്പീക്കർക്ക് അധികാരമുണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. ഇത്തരമൊരു ഘട്ടത്തിൽ മറുപക്ഷത്തിന് സംരക്ഷണം നൽകുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈകോടതിക്കാവില്ല.
ഒരു വിഷയത്തിൽ സ്പീക്കർ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ ഒരു കോടതിക്കും ഇടപെടാൻ കഴിയില്ല. അഭിപ്രായങ്ങൾ പാർട്ടി വേദികളിലാണ് പ്രവർത്തകർ പറയേണ്ടത്. സ്പീക്കറുടെ നോട്ടീസിന് എം.എൽ.എമാർ മറുപടി നൽകിയതുതന്നെയില്ല. ടി.വി ചാനലുകൾക്ക് അഭിമുഖം നൽകുകയാണ് അവർ ചെയ്യുന്നത്്.
ജനാധിപത്യത്തെക്കുറിച്ച് ഗൗരവപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്ന വിഷയമാണിതെന്ന പരാമർശത്തോടെയാണ് സുപ്രീംകോടതി വാദം കേൾക്കൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
