ബംഗളൂരു: കോവിഡ് ഭീതിയെതുടർന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കാതെ ഭർത്താവിെൻറ മൃതദേഹം ഉന്തുവണ്ടിയിൽ തള്ളി ശ്മശാനത്തിലെത്തിച്ച് ഭാര്യ. ബെളഗാവിയിലെ അതാണിയിലാണ് സംഭവം.
അതാണിയിൽ ചെരുപ്പുകുത്തിയായ സദാശിവ് ഹിരട്ടിയുടെ (55) മൃതദേഹമാണ് ഭാര്യ, മകനെയും കൂട്ടി ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിച്ചത്. മരണ കാരണം കോവിഡാണെന്ന് സംശയിച്ച് ബന്ധുക്കളും അയൽവാസികളും സഹായിക്കാൻ വിസമ്മതിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഭാര്യയും മക്കളും സമീപ ഗ്രാമത്തിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇതിനിടെയാണ് രാത്രിയിൽ സദാശിവ് മരിച്ചത്. ഇയാൾക്ക് നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. പിറ്റേന്ന് ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സദാശിവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽവാസികളുടെ സഹായത്തോടെ വീടിെൻറ വാതിൽ തകർത്താണ് അകത്ത് കയറിയത്. മരിച്ചത് കോവിഡിനെ തുടർന്നാണെന്ന് സംശയിച്ച് അയൽവാസികളും ബന്ധുക്കളും സ്വന്തം വീടുകളിലേക്ക് മടങ്ങി. തുടർന്ന് ഭാര്യയും മകനും ചേർന്ന് മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടയിൽ വഴിമധ്യേ ഒരു ദിവസവേതന തൊഴിലാളി ഉന്തുവണ്ടി ശ്മശാനം വരെ തള്ളാൻ സ്ത്രീയെ സഹായിച്ചു. ഉന്തുവണ്ടിയിൽ മൃതദേഹം കൊണ്ടുപോകുന്നതിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.