ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെൻറ് പ്രമേയം തള്ളി
text_fieldsന്യൂഡൽഹി: നടപടിത്തെറ്റിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ (ഇംപീച്ച്) ചെയ്യാൻ ഏഴു പാർട്ടികളിലെ എം.പിമാർ സമർപ്പിച്ച നോട്ടീസ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളി. ഉന്നയിച്ച കുറ്റാരോപണങ്ങളിൽ എം.പിമാർക്കുതന്നെ ഉറപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നായിഡു നോട്ടീസ് തള്ളിയത്. എന്നാൽ, നായിഡുവിെൻറ നടപടി നിയമവിരുദ്ധമാണെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ഹൈദരാബാദ് സന്ദർശനം വെട്ടിച്ചുരുക്കി ഞായറാഴ്ച ഡൽഹിയിലെത്തിയ വെങ്കയ്യ നായിഡു കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ടവരും നിയമവൃത്തങ്ങളുമായി നടത്തിയ തിരക്കിട്ട കൂടിയാലോചനകൾക്കുശേഷം തിങ്കളാഴ്ച രാവിലെയാണ് നോട്ടീസ് തള്ളി 10 പേജുള്ള ഉത്തരവിറക്കിയത്.
ചീഫ് ജസ്റ്റിസിെൻറ നടപടിക്രമങ്ങളിലെ പാളിച്ചയോ സ്വഭാവദൂഷ്യമോ കഴിവുകേടോ സൂചിപ്പിക്കുന്ന വിശ്വാസയോഗ്യമോ പരിശോധിക്കാവുന്നതോ ആയ വിവരങ്ങളുടെ അഭാവത്തിൽ എം.പിമാരുടെ പരാതി സ്വീകരിക്കുന്നത് അനുചിതവും നിരുത്തരവാദപരവുമായിരിക്കുമെന്ന് വെങ്കയ്യ ഉത്തരവിൽ വ്യക്തമാക്കി. അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, മുൻ സുപ്രീംകോടതി ജഡ്ജി ബി. സുദർശൻ റെഡ്ഡി, മുൻ ലോക്സഭ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുൻ നിയമ സെക്രട്ടറി പി.കെ. മൽഹോത്ര, മുൻ ലെജിസ്ലേറ്റിവ് സെക്രട്ടറി സഞ്ജയ് സിങ് തുടങ്ങിവരുമായായിരുന്നു അദ്ദേഹത്തിെൻറ കൂടിയാലോചന.
ചീഫ് ജ്സ്റ്റിസിനെതിരായ ആരോപണങ്ങൾ അഭ്യൂഹങ്ങളും അനുമാനങ്ങളുമാണെന്ന് വെങ്കയ്യ പറഞ്ഞു. പ്രസാദ് എജുക്കേഷനൽ ട്രസ്റ്റുമായി ബന്ധപ്പെട്ട വസ്തുതകളും സാഹചര്യങ്ങളും പ്രഥമദൃഷ്ട്യാ, ദീപക് മിശ്ര നിയമവിരുദ്ധമായ പ്രതിഫലത്തിനായി നടത്തിയ ഗൂഢാലോചനയിൽ ഉൾപ്പെട്ടിരിക്കാം എന്നാണ് ഇംപീച്ച്മെൻറ് നോട്ടീസിൽ പറയുന്നത്. തുടർന്ന് അന്വേഷണത്തിെൻറ പരിധിയിൽ ചീഫ് ജസ്റ്റിസും വരേണ്ടതായിരുന്നു എന്നും പറയുന്നു. സുപ്രീംകോടതിയിലെ ഒരുത്തരവിൽ ചീഫ് ജസ്റ്റിസ് മുൻദിവസത്തെ തീയതിയാണ് രേഖപ്പെടുത്തിയതെന്നും പരാതിയുണ്ട്. ഇതെല്ലാം സംശയങ്ങളും ധാരണകളുമാണെന്ന് നായിഡു കൂട്ടിച്ചേർത്തു. ഭരണഘടനയുടെ 124ാം അനുച്ഛേദമനുസരിച്ച് ജഡ്ജിയെ കുറ്റവിചാരണ ചെയ്യാൻ അദ്ദേഹത്തിെൻറ തെളിയിക്കപ്പെട്ട നടപടിത്തെറ്റ് വേണം.
എന്നാൽ, ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിച്ച പരാതികൾക്ക് തെളിവൊന്നുമില്ല. വിശ്വാസ്യതയില്ലാത്ത ഏതെങ്കിലും മൂന്നാം കക്ഷികൾക്കിടയിൽ നടന്ന സംഭാഷണങ്ങൾ തെളിവാകില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസിനൊപ്പം എം.പിമാർ സമർപ്പിച്ച ഫോൺ സംഭാഷണത്തിെൻറ ടേപ്പ് നായിഡു മുഖവിലക്കെടുത്തില്ല. കേസുകൾ ഏതൊക്കെ ജഡ്ജിമാർക്ക് വക തിരിച്ചുകൊടുക്കണമെന്ന കാര്യത്തിൽ പരമാധികാരി ചീഫ് ജസ്റ്റിസാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവുണ്ട്. രാജ്യസഭ അംഗങ്ങളുടെ കൈപ്പുസ്തകത്തിലെ 2.2 ഖണ്ഡികയിൽ പറഞ്ഞ കീഴ്വഴക്കം ലംഘിച്ചാണ് എം.പിമാർ ചെയർമാൻ അംഗീകരിച്ച് അംഗങ്ങൾക്ക് വിതരണം ചെയ്യും മുമ്പ് നോട്ടീസ് പരസ്യപ്പെടുത്തിയതെന്നും വെങ്കയ്യ വിമർശിച്ചു. ഏതെങ്കിലും തരത്തിലുള വാക്കോ പ്രവൃത്തിയോ ചിന്തയോകൊണ്ട് ഭരണവ്യവസ്ഥയുടെ സ്തംഭങ്ങളെ ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്ന് വെങ്കയ്യ നായിഡു ഒാർമിപ്പിച്ചു.
രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് ചീഫ് ജസ്റ്റിസിെൻറ പദവിയിലിരിക്കേ ഒരു ന്യായാധിപനു മേൽ അഞ്ച് കുറ്റങ്ങൾ ആരോപിച്ച് പ്രതിപക്ഷ എം.പിമാർ വെള്ളിയാഴ്ച നോട്ടീസ് നൽകിയത്. കുറ്റവിചാരണ പ്രമേയത്തിനുള്ള നോട്ടീസ് പ്രഥമദൃഷ്ട്യാ തള്ളുന്നതും ഇതാദ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
