ഇന്ത്യയിൽ പുനരധിവസിപ്പിച്ച 19 മാസം പ്രായമുള്ള ചീറ്റക്കുട്ടിക്ക് വെടിയേറ്റു; ചികിത്സയിലിരിക്കെ ചത്തു
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിന്റെ അതിർത്തിക്ക് പുറത്തുവെച്ച് വെടിയേറ്റ 19 മാസം പ്രായമുള്ള ആൺ ചീറ്റക്കുട്ടി ചത്തു. ജബൽപൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് സർവകലാശാലയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് (ഒക്ടോബർ 27) ചീറ്റക്കുട്ടി ചത്തത്.
2022 സെപ്റ്റംബറിൽ ഇന്ത്യയിൽ ചീറ്റകളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു ചീറ്റ ആക്രമിക്കപ്പെടുന്നത്.
ശരീരത്തിൽ നിന്ന് അഞ്ച് പെല്ലറ്റുകൾ കണ്ടെടുത്തു'കെ.എൻ.ജി22' എന്ന് പേരിട്ടിരുന്ന ചീറ്റക്കുട്ടിയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ടയുടെ അഞ്ച് ലോഹ ഭാഗങ്ങൾ (പെല്ലറ്റുകൾ) കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ മനുഷ്യ ഇടപെടലുണ്ടെന്ന് സ്ഥിരീകരിച്ചതായി മധ്യപ്രദേശ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമീത രാജോറ അറിയിച്ചു.
ആക്രമണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാൻ നാലംഗ പ്രത്യേക ടാസ്ക് ഫോഴ്സിനെ (എസ്.ടി.എഫ്) നിയോഗിച്ചിട്ടുണ്ട്. കുനോ ദേശീയോദ്യാനത്തിന് വെളിയിൽ വെച്ച് നടന്ന ഈ ദാരുണമായ സംഭവത്തെക്കുറിച്ച് വനം വകുപ്പും പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചു.

