‘കൈലാസവുമായി കരാർ ഉണ്ടാക്കിയതിൽ ഖേദിക്കുന്നു’, കരാർ റദ്ദാക്കിയെന്ന് നൊവാർക്ക്
text_fieldsവാഷിങ്ടണ്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗ കേസ് പ്രതിയുമായ നിത്യാന്ദയുടെ കൈലാസവുമായി ഉണ്ടാക്കിയ കരാർ അമേരിക്കന്‍ നഗരമായ നെവാര്‍ക്ക് റദ്ദാക്കി. കൈലാസവുമായി കരാറുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അധികൃതർ കരാർ റദ്ദാക്കിയ വിവരം അറിയിച്ചത്.
നൊവാർക്ക് ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായി സൗഹൃദ കരാർ ഒപ്പുവെക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ നിത്യാനന്ദ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 2023 ജനുവരി 12ന് നെവാർക്കിലെ സിറ്റി ഹാളിൽ വെച്ചാണ് കൈലാസയുമായി നെവാർക്ക് സിസ്റ്റർ സിറ്റി കരാർ ഒപ്പുവെച്ചത്.
എന്നാൽ കൈലാസയുടെ സാഹചര്യങ്ങളെ കുറിച്ച് മനസിലാക്കിയതോടെ ജനുവരി 18 ന് തന്നെ സിസ്റ്റർ സിറ്റി കരാർ റദ്ദാക്കിയിരുന്നെന്ന് നെവാര്‍ക്കിലെ കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ പ്രസ് സെക്രട്ടറി സൂസന്‍ ഗാരോഫാലോ അറിയിച്ചു.
വഞ്ചന നടന്നതിനാൽ അന്ന് ഉണ്ടാക്കിയ കരാർ അസാധുവായിരിക്കുകയാണ്. കൂടാതെ ഇൗ സംഭവത്തിൽ ഖേദിക്കുകയും ചെയ്യുന്നു. അതേസമയം, സിറ്റി ഓഫ് നൊവാർക്ക് വിവിധ സംസ്കാരങ്ങളിലുള്ളവരുമായി പരസ്പര പിന്തുണ, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ സഹകരണം തുടരുമെന്നും ഗാരോഫാലോ അറിയിച്ചു.
സഹോദര നഗരമെന്ന കരാറിൽ ഏർപ്പെടുന്ന ഏതൊരു നഗരവും മനുഷ്യാവകാശങ്ങൾ പാലിക്കുന്നതിൽ നിലവാരം പുലർത്തുന്നവയാകണമെന്ന് കരാർ റദ്ദാക്കിക്കൊണ്ട് നെവാര്‍ക്ക് കൗണ്‍സിലര്‍ ലാർജ് ലൂയിസ് ക്വിന്‍റാന പറഞ്ഞു. കൈലാസയുമായുള്ള കരാര്‍ റദ്ദാക്കാന്‍ അദ്ദേഹമാണ് പ്രമേയം കൊണ്ടുവന്നത്.
ബലാത്സംഗക്കേസിലെ പ്രതിയായ നിത്യാനന്ദ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട് ഇക്വഡോറിനു സമീപത്തെ ദ്വീപിൽ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന പേരിൽ സ്വന്തം സാമ്രാജ്യം സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ രാജ്യത്തിന്റെ ഫോട്ടോകളും മറ്റും കൂടുതലായി ലഭ്യമായിട്ടില്ല.
അതേസമയം ഫെബ്രുവരി 24 ന് ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ നിത്യാനന്ദയുടെ പ്രതിനിധി വിജയപ്രിയ പങ്കെടുത്തതോടെയാണ് കൈലാസ ആഗോളതലത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.
ഫെബ്രുവരി 24ന് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയുടെ (സി.ഇ.എസ്.സി.ആർ) യോഗത്തിലാണ് കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ പങ്കെടുത്തത്. ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുന്നത് തടയാന്‍ ദേശീയ അന്തർദേശീയ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും വിജയപ്രിയ ആവശ്യപ്പെട്ടു.
പരാമർശങ്ങൾ വിവാദമായതോടെ, കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തമായതിനാല്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ഓഫീസിലെ മീഡിയ ഓഫീസര്‍ വിവിയന്‍ ക്വോക്ക് പറഞ്ഞു. താത്പര്യമുള്ള ആർക്കും രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്ന പൊതുയോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്നും കമീഷണറുടെ ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

