മുസ്‍ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്‍റെ രജിസ്ട്രേഷൻ പൂർത്തിയായി; മാർച്ച് 10ന് സോഫ്റ്റ് ലോഞ്ചിങ്
text_fieldsഖാഇദെ മില്ലത്ത് സെന്ററിന്റെ രജിസ്‌ട്രേഷൻ രേഖകളിൽ ലീഗ് രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ ഒപ്പുവെക്കുന്നു
ന്യൂഡൽഹി: മുസ്‍ലിം ലീഗിന്റെ ഡൽഹിയിലെ ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ നടന്ന രജിസ്‌ട്രേഷൻ നടപടികൾക്ക് ശേഷം ലീഗ് രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കെട്ടിട ഉടമകളിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് ഡൽഹി ദരിയാഗഞ്ചിലാണ് ബഹുനില കെട്ടിടം വാങ്ങിച്ചത്.
പാർട്ടി സ്ഥാപക ദിനമായ മാർച്ച് 10ന് സെന്ററിന്റെ സോഫ്റ്റ് ലോഞ്ചിങ് നടത്തുമെന്ന് രജിസ്ട്രേഷൻ നടപടികൾക്ക് പൂർത്തിയായ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സാദിഖലി തങ്ങൾ അറിയിച്ചു. ഇതോടെ പാർട്ടിയുടെ ദേശീയ കൗൺസിലും ഡൽഹിയിൽ നടക്കും. കഴിഞ്ഞ വർഷം മാർച്ച് 10ന് പ്രഖ്യാപിച്ച പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദഹം പറഞ്ഞു.
പാർട്ടി പ്രവർത്തകർക്ക് അഭിമാന മുഹൂർത്തമാണ് രജിസ്ട്രേഷൻ നടപടി പൂർത്തിയായതോടെ ഉണ്ടായിരിക്കുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സേവനത്തിന്റെ കേന്ദ്രമാക്കി കൊണ്ടു വരുന്നതിന് ആസ്ഥാന മന്ദിരം ഉപയോഗിക്കുമെന്ന് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അറിയിച്ചു.
ദേശീയ പ്രസിഡന്‍റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ സെക്രട്ടറി ഖുർറം അനീസ്, അസി. സെക്രട്ടറി സി.കെ. സുബൈർ, ഖാഇദെ മില്ലത് സെന്റർ കോഡിനേറ്റർ പി.എം.എ. സമീർ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്.എച്ച്. മുഹമ്മദ് ഹർഷദ്, ട്രഷറർ അതീബ് ഖാൻ, വൈസ് പ്രസിഡന്റ് ഖാസിം ഈനോളി, ഡൽഹി കെ.എം.സി.സി. പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാൻ, ഭാരവാഹികളായ കെ.കെ. മുഹമ്മദ് ഹലീം, അജ്മൽ മുഫീദ്, അഡ്വ. മർസൂഖ് ബാഫഖി തങ്ങൾ, മുസ്‌ലിം ലീഗ് ഡൽഹി സംസ്ഥാന പ്രസിഡന്റ് മൗലാന നിസാർ അഹമ്മദ്, സെക്രട്ടറി ഫൈസൽ ഷേഖ്, കേരള സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

