Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദു വിവാഹങ്ങൾക്ക്...

ഹിന്ദു വിവാഹങ്ങൾക്ക് രജിസ്‌ട്രേഷൻ മാത്രം പോര, ആചാരങ്ങൾ അനിവാര്യം: ഗുജറാത്ത് ഹൈകോടതി

text_fields
bookmark_border
hindu marriage act
cancel
camera_alt

പ്രതീകാത്മക ചിത്രം

അഹ്മദാബാദ്: ഹിന്ദു വിവാഹങ്ങൾ സാധുവാകണമെങ്കിൽ രജിസ്‌ട്രേഷൻ മാത്രം പോരെന്നും സപ്തപതി പോലുള്ള പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും നിർബന്ധമാണെന്നും ഗുജറാത്ത് ഹൈകോടതി. വിവാഹം എന്നത് പാട്ടും നൃത്തവും മാത്രം ഉൾപ്പെടുന്ന ഒരു ആഘോഷമല്ലെന്നും മറിച്ച് അതൊരു പരിശുദ്ധമായ ചടങ്ങാണെന്നും ജസ്റ്റിസ് ഇലേഷ് വോറ, ജസ്റ്റിസ് ആർ.ടി. വച്ചാനി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കുടുംബ കോടതിയുടെ വിധിക്കെതിരെ യു.കെയിൽ താമസിക്കുന്ന കൗശൽ സോനാർ സമർപ്പിച്ച അപ്പീലിലാണ് ഹൈകോടതിയുടെ സുപ്രധാന നിരീക്ഷണം. തന്റെ വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൗശൽ സോനാർ കോടതിയെ സമീപിച്ചത്. താൻ വിവാഹിതനാണെന്ന് അവകാശപ്പെട്ട് എതിർകക്ഷി തന്റെ മാതാപിതാക്കളെ സമീപിച്ച് വിവാഹ സർട്ടിഫിക്കറ്റ് കൈമാറിയപ്പോഴാണ് ഇങ്ങനെയൊരു വിവാഹത്തെക്കുറിച്ച് താൻ അറിയുന്നതെന്ന് സോനാർ കോടതിയെ ബോധിപ്പിച്ചു.

എതിർകക്ഷിയുമായി തന്റെ വിവാഹം നടന്നിട്ടില്ലെന്നും, ഹിന്ദു ആചാരപ്രകാരമുള്ള ഒരു ചടങ്ങുകളും നിർവഹിച്ചിട്ടില്ലെന്നും, ഭർത്താവെന്ന നിലയിൽ അവരോടൊപ്പം താമസിച്ചിട്ടില്ലെന്നും സോനാർ അവകാശപ്പെട്ടു. കൂടാതെ, തന്റെ സമ്മതമില്ലാതെ വഞ്ചനാപരമായ രീതിയിലാണ് വിവാഹ രേഖകളിൽ ഒപ്പിട്ടു വാങ്ങിയതെന്നും കാണിച്ച് സോനാർ സമർപ്പിച്ച ഹരജി കുടുംബ കോടതി തള്ളുകയായിരുന്നു.

ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിട്ടില്ലെന്നും എതിർകക്ഷിയായ യുവതി കുടുംബ കോടതിയിൽ വ്യക്തമായി സമ്മതിച്ച സാഹചര്യത്തിൽ, അപ്പീൽക്കാരൻ നൽകിയ ഹരജി തള്ളിക്കൊണ്ട് കുടുംബ കോടതി പിഴവ് വരുത്തിയെന്ന് ഹൈകോടതി നിരീക്ഷിച്ചു. സപ്തപതി പോലുള്ള പരമ്പരാഗത ആചാരങ്ങൾക്കനുസൃതമായി ഹിന്ദു വിവാഹം നടത്തണമെന്നും, എങ്കിൽ മാത്രമേ വിവാഹം പൂർണവും നിയമപരമായി ബന്ധിതവുമാകുകയുള്ളൂ എന്ന് പറയുന്ന ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം വകുപ്പിനെ ഹൈകോടതി പരാമർശിച്ചു.

വിവാഹ ചടങ്ങുകളോ ആചാരങ്ങളോ നടന്നിട്ടില്ലാത്തതിനാൽ, ഒരു ഹിന്ദു വിവാഹത്തിന് വേണ്ട അടിസ്ഥാനപരമായ ആവശ്യകത ഈ കേസിൽ ഇല്ലെന്നും കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം, വിവാഹം പൂർണവും നിയമപരമാകാൻ പരമ്പരാഗത ആചാരങ്ങൾ നടക്കണം. ഹിന്ദു പാരമ്പര്യത്തിൽ വധൂവരന്മാർ അഗ്നിയെ സാക്ഷിയാക്കി ഒന്നിച്ച് ഏഴ് തവണ വലംവെക്കുന്ന സപ്തപതി പോലുള്ള ചടങ്ങുകൾ വിവാഹത്തിന് ഒരു സംസ്കാരമെന്ന നിലയിൽ ആത്മീയവും സാമൂഹികവും നിയമപരവുമായ പദവി നൽകും.

ആചാരങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ഹിന്ദു വിവാഹത്തിന്റെ അടിസ്ഥാനപരമായ ആവശ്യകത തന്നെ ഈ കേസിൽ പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരൻ ഉന്നയിച്ച വാദങ്ങൾ പരിഗണിച്ചാണ് കുടുംബ കോടതിയുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കിയത്.

നേ​രത്തേ ഹിന്ദു വിവാഹ നിയമം പ്രകാരം ഉചിതമായ ആചാരങ്ങളോടും ചടങ്ങുകളോടും കൂടി വിവാഹം നടത്തണമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. അഗ്നിക്ക് ചുറ്റും ഏഴ് തവണ വലംവെക്കൽ പോലുള്ള ചടങ്ങുകളുടെ തെളിവ് അത്യാവശ്യമാണെന്നും ഹിന്ദുവിവാഹം പാട്ടും നൃത്തവും നടത്താനുള്ള പരിപാടിയല്ലെന്നും അത് മതപരമായ ആചാരമാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞിട്ടുണ്ട്.

വിവാഹം കഴിക്കുന്നവർക്കിടയിൽ ചടങ്ങ് ഉണ്ടായിരിക്കണമെന്നും ചടങ്ങുകൾ ഇല്ലെങ്കിൽ കക്ഷികൾ നിയമത്തിന്‍റെ സെക്ഷൻ 5 പ്രകാരം സാധുവായ ഹിന്ദു വിവാഹത്തിന് ആവശ്യമായ വ്യവസ്ഥകൾ പാലിച്ചിരിക്കാമെങ്കിലും നിയമത്തിന്‍റെ മുന്നിൽ വിവാഹം അസാധുവാകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat high courthindu marriage actMarriage CertificateritualIndiaMarriageHindu marriage
News Summary - Registration Not Enough In Hindu Marriage, Needs Rituals: Gujarat High Court
Next Story