ബംഗളുരു: പൂര്‍ണ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാൻ ആശുപത്രികൾ തയാറാകത്തതിനാൽ യുവതിഓട്ടോയില്‍ പ്രസവിച്ചു. പരിചരണം ലഭിക്കാതെ നവജാതശിശു മരിച്ചു. ഒഴിവില്ലെന്ന് പറഞ്ഞാണ് ശ്രീരാമപുര ഗവണ്‍മെന്‍റ് ആശുപത്രിയും വിക്ടോറിയ ആശുപത്രിയും വാണിവിലാസും യുവതിയെ മടക്കിയത്. പുലർച്ചെ മൂന്ന് മുതൽ ആറ് മണിക്കൂറോളമാണ് യുവതിയും അമ്മയും ആശുപത്രി അധികൃതരുടെ കനിവിനായി നെട്ടോട്ടമോടിയത്. ഒടുവില്‍ യുവതി ഓട്ടോയില്‍ തന്നെ പ്രസവിച്ചു. ഇവരുടെ വിഷമാവസ്ഥ കണ്ട് ഓട്ടോ ഡ്രൈവർ കെ.സി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യെദിയൂരപ്പയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 ദിവസത്തിനിടെ പരിചരണം കിട്ടാതെ രണ്ട് നവജാത ശിശുക്കളാണ് ബംഗളൂരുവില്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഒരു മാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതോടെ പിതാവ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിക്കുകയുണ്ടായി. ബംഗളുരുവിൽ മിക്കവാറും ആശുപത്രികളും കോവിഡ് കെയർ സെന്‍ററുകളായി മാറിയതോടെ മറ്റ് രോഗികൾക്ക് ചികിത്സ ലഭിക്കാത്ത സംഭവങ്ങൾ ഏറിവരികയാണ്.