
'ആറുമാസം മുമ്പ് കാർഷിക പരിഷ്കാരങ്ങൾ ആരംഭിച്ചു, അതിന്റെ ഗുണങ്ങൾ കർഷകർക്ക് ലഭിക്കുന്നുണ്ട്' -മോദി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങളിലെ പരിഷ്കരണം ആറുമാസം മുമ്പ് മുതൽ നടപ്പാക്കി തുടങ്ങിയതായും അതിന്റെ ഫലം കർഷകർക്ക് ഇേപ്പാൾ ലഭ്യമായി തുടങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷക പ്രക്ഷോഭം 24ാം ദിവസത്തിലേക്ക് കടന്നതോടെയാണ് മോദിയുടെ പ്രതികരണം.
ആറുവർഷത്തിനിടെ ലോകത്തിലെ പ്രധാന നിക്ഷേപ മേഖലയായി ഇന്ത്യ മാറിയെന്നും ബിസിനസ് പരിപാടിയിൽ സംസാരിക്കവേ മോദി പറഞ്ഞു. കോവിഡ് 19ന്റെ പ്രതിസന്ധി ഘട്ടത്തിലും റെക്കോഡ് വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിയതായും ഇത് ലോകരാജ്യങ്ങൾ ഇന്ത്യയെ വിശ്വസിക്കുന്നതിന്റെ ഫലമാെണന്നും മോദി കൂട്ടിച്ചേർത്തു.
കാർഷിക നിയമ പരിഷ്കാരങ്ങൾ ആറുമാസം മുമ്പ് മുതൽ നടപ്പാക്കി തുടങ്ങി. അതിന്റെ ഗുണം ഇപ്പോൾ കർഷകർ അനുഭവിക്കുന്നുണ്ട്. ദിവസങ്ങളായി നടക്കുന്ന കർഷക പ്രക്ഷോഭത്തെക്കുറിച്ച് പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രതികരണം.
നേരത്തേ, കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി എന്തുചർച്ചക്കും തയാറാണെന്ന് മോദി അറിയിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ മോദി നൽകിയത്. എന്നാൽ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് കർഷകരുടെ പ്രതികരണം.
