ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരാമർശം; പ്രഫ. അലി ഖാൻ മഹ്മൂദാബാദിനെതിരായ നടപടി തടഞ്ഞ് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ അശോക സർവകലാശാല അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെതിരായ കേസിൽ ജില്ല മജിസ്ട്രേറ്റിന് ഹരിയാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുന്നത് സുപ്രീംകോടതി തടഞ്ഞു.
മഹ്മൂദാബാദിനെതിരായ രണ്ടാമത്തെ എഫ്.ഐ.ആറിലെ എല്ലാ നടപടികളും റദ്ദാക്കിയ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തരുതെന്നും വ്യക്തമാക്കി.ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തികളുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പ് പ്രകാരം മഹ്മൂദാബാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് നിർഭാഗ്യകരമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
‘കേണൽ സോഫിയ ഖുറേഷിക്കുവേണ്ടി കൈയടിക്കുന്ന വലതുപക്ഷം ആൾക്കൂട്ട കൊലപാതകത്തിന്റെ ഇരകൾക്കും സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെടുന്ന മനുഷ്യർക്കും സംരക്ഷണം ആവശ്യപ്പെടണം’ എന്നതടക്കമുള്ള പരാമർശങ്ങളുടെ പേരിലാണ് മഹ്മൂദാബാദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
വനിത ഉദ്യോഗസ്ഥര്‍ നടത്തിയ വാർത്തസമ്മേളനങ്ങള്‍ വെറും കാഴ്ചകളാണെന്നും അവയെ യാഥാര്‍ഥ്യത്തിലേക്ക് വിവര്‍ത്തനം ചെയ്തില്ലെങ്കില്‍ വെറും കാപട്യം മാത്രമാകുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിക്കുകയുണ്ടായി. പരാമര്‍ശത്തില്‍ മേയ് 18ന് മഹ്മൂദാബാദിനെ ഹരിയാന അറസ്റ്റ് ചെയ്തിരുന്നു. മേയ് 21ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

