ചെങ്കോട്ട സ്ഫോടനക്കേസ്: മൂന്നുപേർക്ക് കൂടി എൻ.ഐ.എ കുറ്റപത്രം
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം നടന്ന വാഹന സ്ഫോടനക്കേസിൽ മൂന്നുപേർക്ക് കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. ജമ്മു -കശ്മീർ സ്വദേശികളായ സമീർ അഹമ്മദ് അഹൻഗർ, തുഫൈൽ അഹമ്മദ് ഭട്ട്, ഫറാസ്/സഫർ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധൻ ഡോ. മുസാഫർ അഹമ്മദ് എന്നിവർക്കെതിരെയാണ് ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ കേസിൽ കുറ്റപത്രം സമർപ്പിച്ചവരുടെ എണ്ണം 13 ആയി. സ്ഫോടകവസ്തു നിറച്ച കാർ ഓടിച്ചിരുന്ന പ്രധാന പ്രതി ഡോ. ഉമറുന്നബി സ്ഫോടനത്തിൽ മരിച്ചിരുന്നു. ഒളിവിലുള്ള ഡോ. മുസാഫറിനെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പിടികൂടാൻ ശ്രമം തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
സഹപ്രതി ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ മൂത്ത സഹോദരനും അൽ ഖാഇദയുടെ ഉപവിഭാഗമായ അൻസാർ ഗസ്വത്തുൽ ഹിന്ദിന്റെ സ്ഥാപക അംഗവുമായ ഡോ. മുസാഫറിന് സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും ബോംബ് നിർമിക്കുന്നതിലും പ്രധാന പങ്കുണ്ടെന്ന് എൻ.ഐ.എ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഭീകര സംഘത്തിന് പണവും ആയുധങ്ങളും കൈമാറിയെന്നാണ് സമീർ അഹമ്മദ് അഹൻഗർ, തുഫൈൽ അഹമ്മദ് ഭട്ട് എന്നിവർക്കെതിരായ ആരോപണം. ഫോറൻസിക് പരിശോധന, സ്ഥലങ്ങളുടെ ഭൂമിശാസ്ത്ര മാപ്പിങ്, സാമ്പത്തിക ഇടപാടുകളുടെ വിശദമായ അന്വേഷണം എന്നിവയിലൂടെയാണ് പ്രതികളുടെ പങ്ക് സ്ഥിരീകരിച്ചതെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും എൻ.ഐ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

