ഗോമൂത്രത്തെ ലോക വേദിയിലെത്തിച്ചു... -വിദ്യാഭ്യാസ മേഖലയിലെ സംഭാവനക്ക് കാമകോടിക്ക് പത്മശ്രീ നൽകിയതിനെ പരിഹസിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്ക് പത്മശ്രീ നൽകിയതിനെച്ചൊല്ലി വിവാദം. വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് കാമകോടിക്ക് ബഹുമതി നൽകിയത്. ഈ പശ്ചാത്തലത്തിൽ ഗോമൂത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻകാല പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കം വിമർശനവുമായി രംഗത്തെത്തി.
ഗോമൂത്രത്തിന് ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുണ്ടെന്നും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ സുഖപ്പെടുത്താന്‍ കഴിയുമെന്നതടക്കം മുമ്പ് കാമകോടി പറഞ്ഞിരുന്നു. കാമകോടിയുടെ പഴയ പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വിമർശനം വരുന്നത്.
‘ബഹുമതി ലഭിച്ചതിൽ വി. കാമകോടിക്ക് അഭിനന്ദനങ്ങൾ. ഗോമൂത്രത്തെ ലോക വേദിയിലേക്ക് എത്തിച്ച, മദ്രാസ് ഐ.ഐ.ടിയിൽ ഗോമൂത്രത്തെക്കുറിച്ച് അത്യുന്നതമായ ഗവേഷണം നടത്തിയ നിങ്ങളെ രാഷ്ട്രം അംഗീകരിക്കുന്നു’ -എന്ന് കോൺഗ്രസ് കേരള ഘടകം എക്‌സിൽ പരിഹസിച്ചു.
എന്നാൽ, കാമകോടിക്ക് പിന്തുണയുമായി സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു രംഗത്തെത്തി. കാമകോടി ബഹുമതിക്ക് യോഗ്യനാണ്. ചാണകത്തിലും ഗോ മൂത്രത്തിലും മനുഷ്യര്‍ക്ക് ഗുണകരമാകുന്ന മികച്ച മൈക്രോബയോം ഉണ്ട്. ഇവ ഗവേഷണം ചെയ്യേണ്ട എന്ന് കരുതുന്നത് കൊളോണിയല്‍ അടിമത്ത മനോഭാവമാണ്. ഹാര്‍വാര്‍ഡോ എം.ഐ.ടിയോ എന്നെങ്കിലും ഇതേക്കുറിച്ച് പഠനം പ്രസിദ്ധീകരിച്ചാൽ അന്ന് അതിനെ സുവിശേഷമായി കണ്ട് അംഗീകരിക്കുമെന്നും വെമ്പു പ്രതികരിച്ചു.
2047 ഓടേ ഇന്ത്യയെ വികസിത ഭാരതമാക്കുക എന്ന ലക്ഷ്യത്തിനായി പരമാവധി ശ്രമിക്കും എന്നാണ് പത്മ ശ്രീ ലഭിച്ചപ്പോൾ കാമകോടി പ്രതികരിച്ചത്. 2022 മുതല്‍ ഐഐടി മദ്രാസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് വി കാമകോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

