പാർട്ടി വിട്ടുപോയ എം.പിമാർക്ക് 40 കോടി കോഴ ലഭിച്ചു; മഹുവ മൊയ്ത്രയ്‌ക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങി വിമത തൃണമൂൽ എം.പിമാർ
text_fieldsന്യൂഡൽഹി: പാർട്ടി വിട്ടുപോയ പാർലമെന്റ് അംഗങ്ങൾക്ക് 40 കോടി രൂപ വീതം കോഴ ലഭിച്ചെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്‌ക്കെതിരെ നിയമനടപടിയുമായി വിമത എം.പിമാർ. പാർട്ടി വിടാൻ തങ്ങൾക്ക് പണം വാഗ്ദാനം ചെയ്തുവെന്ന മഹുവയുടെ അവകാശവാദത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ 20 വിമത എം.പിമാർ യോഗം ചേർന്ന് തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
മഹാരാഷ്ട്രയിലെ എം.പിമാർക്ക് കൂറുമാറാൻ 15 കോടി രൂപ വീതം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന ശിവസേന രാജ്യസഭാ എം.പി സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് മഹുവ മൊയ്ത്ര എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
വെറും 15 കോടിയോ, എന്തിനാണ് ഇത്ര വിലകുറഞ്ഞ് പോകുന്നത്. ഞങ്ങളുടെ ആളുകൾക്ക് 4 കോടി രൂപ മുൻകൂറായും, ബാക്കി കാലാവധിയായ അടുത്ത 36 മാസത്തേക്ക് പ്രതിമാസം 1 കോടി രൂപ വീതവും ലഭിച്ചെന്നാണ് ഞാൻ കരുതുന്നത് എന്നായിരുന്നു മഹുവയുടെ കുറിപ്പ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തയായ മഹുവയുടെ ഈ പരാമർശമാണ് വിമതരെ പ്രകോപിപ്പിച്ചത്. തങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വം ശ്രമിച്ചതിനാണ് ഇവർ ഇപ്പോൾ കോടതിയെ സമീപിക്കുന്നത്.
ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ ചീഫ് വിപ്പ് കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 28-ൽ 20 ലോക്സഭാ എം.പിമാരും പാർട്ടി വിട്ടതോടെയാണ് ടി.എം.സിയിൽ പ്രതിസന്ധി ഉടലെടുത്തത്. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയ വിമത വിഭാഗം ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യവുമായി) ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചു.
ഭരണഘടനാപരമായ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നുള്ള അയോഗ്യത ഒഴിവാക്കാൻ ഇവർ ത്രിപുര ആസ്ഥാനമായുള്ള നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എന്ന പാർട്ടിയിൽ ലയിച്ചു. നിലവിൽ നേരിട്ട് ബി.ജെ.പിയിൽ ചേർന്നിട്ടില്ലെങ്കിലും എൻ.ഡി.എ സഖ്യത്തിന് ഇവർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പിളർപ്പോടെ ടി.എം.സിയുടെ ലോക്സഭയിലെ അംഗസംഖ്യ വെറും എട്ടായി ചുരുങ്ങി. 1998-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണിത്.
പാർട്ടിയിലുണ്ടായ വൻ ചോർച്ചയിലും മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുന്ന മഹുവ മൊയ്ത്ര വിമതർക്കെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. പാർട്ടി വിട്ടവർ മമത ബാനർജിയുടെ ജനപ്രീതിയിൽ മാത്രം ജീവിച്ചുപോന്ന പൂർണ്ണമായും ഉപയോഗശൂന്യരായ രാഷ്ട്രീയക്കാരാണെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സമൻസിന് മറുപടി നൽകിയ മുൻ ക്രിക്കറ്റ് താരം കൂടിയായ ബഹരംപൂർ എം.പി യൂസഫ് പഠാനെയും മഹുവ രൂക്ഷമായി വിമർശിച്ചു.
അതേസമയം, പാർട്ടിയുടെ നിയന്ത്രണത്തിനായി ഇരുവിഭാഗങ്ങളും തമ്മിൽ വൻ പോരാട്ടമാണ് നടക്കുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ടി.എം.സി എം.എൽ.എമാരായ റിതബ്രത ബാനർജി, സന്ദീപൻ സാഹ എന്നിവർ തങ്ങൾക്ക് 60 എം.എ.ൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. ഇത് ശരിയാണെങ്കിൽ വരും ദിവസങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായും മമത ബാനർജിക്ക് വലിയ നിയമപോരാട്ടം നേരിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

