യഥാർഥ ഹിന്ദുക്കൾ കോൺഗ്രസിൽ; ബി.ജെ.പിയിലുള്ളവരെല്ലാം വ്യാജൻമാർ -കർണാടക മന്ത്രി
text_fieldsന്യൂഡൽഹി: യഥാർഥ ഹിന്ദുക്കൾ കോൺഗ്രസിലാണ് ഉള്ളതെന്നും ബി.ജെ.പിയിലുള്ളവരെല്ലാം വ്യാജൻമാരാണെന്നും കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. ഹിന്ദുക്ഷേത്രങ്ങൾക്ക് നികുതി ചുമത്താനുള്ള കർണാടക സർക്കാറിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി വിമർശനം ഉയർത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. ബിൽ ഇപ്പോൾ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.
ബി.ജെ.പിയിലുള്ളവർ വ്യാജ ഹിന്ദുക്കളാണ്. വോട്ടിന് വേണ്ടി മാത്രമാണ് അവർ ഹിന്ദുത്വകാർഡ് ഇറക്കുന്നത്. അവർ യഥാർഥത്തിൽ ഹിന്ദുക്കളാണെങ്കിൽ എന്തുകൊണ്ടാണ് ക്ഷേത്രങ്ങളുടെ വികസനത്തിനായി ശ്രമിക്കാത്തതെന്നും അവർ ചോദിച്ചു.
സി ക്ലാസ് ക്ഷേത്രങ്ങളുടെ വികസനത്തിനായാണ് ഞങ്ങളുടെ ശ്രമം. ഇതിനായി വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്നും പണം മറ്റുള്ളവക്ക് മാറ്റുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ക്ഷേത്രങ്ങളുടെ വികസനത്തിനായി ഒരുപാട് കാര്യങ്ങൾ കർണാടക സർക്കാർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുപ്പതിയിൽ ആധുനിക സൗകര്യങ്ങളോട് കൂടി ഒരു കെട്ടിടം നിർമിക്കുന്നുണ്ട്. കാശിയിലെ തകരാർ സംഭവിച്ച ഘാട്ടുകളുടെ നിർമാണവും നമ്മൾ നടത്തിയിട്ടുണ്ട്. ക്ഷേത്രം ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നതിൽ പോലും വീഴ്ച വരുത്തിയ സർക്കാറാണ് ബി.ജെ.പിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

