ഞാൻ ചാവേറാകാം, പാകിസ്താനിലേക്ക് പോകാം; വിവാദ പരാമർശവുമായി കർണാടക മന്ത്രി
text_fieldsബംഗളൂരു: ചാവേറായി പാകിസ്താനിലേക്ക് പോകാൻ തയാറാണെന്ന വിവാദ പരാമർശവുമായി കർണാടക മന്ത്രി ബി.എസ്. സമീർ അഹ്മദ് ഖാൻ. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
വാർത്താസമ്മേളനത്തിനിടെയാണ് മന്ത്രി ഇന്ത്യ പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ താൻ പോരാട്ടത്തിന് തയാറാണെന്നും മന്ത്രി തുറന്നടിച്ചത്.
''നമ്മൾ ഇന്ത്യക്കാരാണ്. നമ്മൾ ഹിന്ദുസ്ഥാനികളാണ്. നമുക്കും പാകിസ്താനും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇന്ത്യ പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ പോരാടാൻ തയാറാണ്.''-ഭവന, വഖഫ്, ന്യൂനപക്ഷ കാര്യമന്ത്രി പറഞ്ഞു.
''ഒരു മന്ത്രിയെന്ന നിലയിൽ അവരെന്നെ അയക്കാൻ തയാറായാൽ ഞാൻ യുദ്ധത്തിന്റെ മുന്നണിയിലുണ്ടാകും. ആവശ്യമെങ്കിൽ ചാവേറാകാനും തയാറാണ്. തമാശ പറയുകയല്ല. രാജ്യത്തിന് എന്നെ ആവശ്യമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും എനിക്ക് ചാവേറാകാൻ ബോംബ് തരണം. അത് ധരിച്ച് ഞാൻ പാകിസ്താനിലേക്ക് പോകാം.''-കോൺഗ്രസ് നേതാവ് പറഞ്ഞു.
പാകിസ്താനുമായുള്ള യുദ്ധത്തെ പിന്തുണക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം എന്നതും ശ്രദ്ധേയം. ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സുരക്ഷ നടപടികളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
''പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ശക്തമായ സുരക്ഷ നടപടികളാണ് ആവശ്യം. ഞങ്ങൾ യുദ്ധത്തിന് അനുകൂലമല്ല. സമാധാനം ഉണ്ടാകണം. ജനങ്ങൾക്ക് തങ്ങൾ സുരക്ഷിതരാണെന്ന തോന്നലുണ്ടാകണം. അതിനാവശ്യമായ സുരക്ഷ നടപടികൾക്ക് കേന്ദ്ര സർക്കാർ തയാറാകണം.''-സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

