കർഷകരുമായി ചർച്ചക്ക് തയ്യാർ, അവരുടെ ആശങ്കകളും ആവശ്യങ്ങളും കേൾക്കും - അമിത് ഷാ
text_fieldsന്യൂഡൽഹി: കർഷകരുടെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് അമിത്ഷാ. "ഡിസംബർ 3 ന് മുമ്പായി കർഷക യൂണിയനുകൾ സർക്കാറുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനും തയ്യാറാണ്, അവരുടെ എല്ലാ ആശങ്കകളും ആവശ്യങ്ങളും കേൾക്കുമെന്നും ഷാ പറഞ്ഞു.
'ഡൽഹി-ഹരിയാന അതിർത്തിയിലും പഞ്ചാബ് അതിർത്തിയിലും പ്രതിഷേധിക്കുന്ന കർഷകരോട്, ഡിസംബർ 3ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വിളിച്ച യോഗത്തിൽ അവരുടെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണ്, അവരുടെ എല്ലാ ആശങ്കകളും ആവശ്യങ്ങളും കേൾക്കും' - അമിത് ഷാ പറഞ്ഞു.
തണുത്ത കാലാവസ്ഥയിൽ ദേശീയപാതകളിൽ പലയിടത്തും കർഷകർ തങ്ങളുടെ ട്രാക്ടറുകളും ട്രോളികളുമായി താമസിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യരീതിയിൽ നിങ്ങൾക്ക് പ്രതിഷേധിക്കാം, ആംബുലൻസ്, ഭക്ഷണം, ടോയ്‌ലറ്റുകൾ, സുരക്ഷ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഒരു വലിയ മൈതാനത്തേക്ക് നിങ്ങളെ മാറ്റാൻ ഡൽഹി പൊലീസ് തയ്യാറാണ് -അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്രസർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന 'ഡൽഹി ചലോ മാർച്ച്' നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരം അടിച്ചമർത്താൻ പൊലീസ് ശ്രമിക്കുന്നതിനെ തുടർന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുമെന്നാണ് വിവരം.
അരലക്ഷത്തോളം പേരാണ് നിലവിൽ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കർഷകർക്ക് നേരെ ഗ്രനേഡും കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചിരുന്നു. കർഷകർ പിന്മാറാൻ തയാറാല്ലെന്ന് അറിയിച്ചതോടെ ഡൽഹിയിലെ ബുരാരിയിലെ ൈമതാനത്ത് പ്രവേശിക്കാൻ പൊലീസ് അനുമതി നൽകി.
അതേസമയം പ്രതിഷേധിക്കുന്ന കർഷകർക്ക് ആവശ്യമായ സഹായം ചെയ്തു നൽകാൻ ഡൽഹി സർക്കാർ അധികൃതരോട് ആവശ്യപ്പെട്ടു. മൈതാനത്ത് കർഷകർക്കായി ഡൽഹി സർക്കാർ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമാധാനം നിലനിർത്താനും സമാധാനപരമായ പ്രക്ഷോഭം നടത്താനും ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചു.
'കർഷക നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കർഷകർക്ക് സമാധാനപരമായ പ്രതിഷേധം നടത്താൻ ബുരാരിയിൽ അനുമതി നൽകിയിട്ടുണ്ട്. സമാധാനം നിലനിർത്താൻ ഡൽഹി പൊലീസ് അഭ്യർത്ഥിക്കുന്നു' - ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

