ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ തയാർ, വിദ്യാർഥി പ്രക്ഷോഭങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നു -രാജ്നാഥ് സിങ്
text_fieldsകേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വിദ്യാർഥികളുടെ ഭാവിവെച്ചാണ് പ്രതിപക്ഷം സ്വാർഥ രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
വിദ്യാർഥികളെയും യുവാക്കളെയും രാഷ്ട്രീയ ഉപകരണമാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനും അവരോട് അനീതി ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അവരുടെ ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും സംഭവത്തിൽ വ്യാജ പ്രതിഷേധവും പ്രകോപനവും സൃഷ്ടിച്ച് ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പാർലിമെന്റിൽ വിഷയം ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണ്. എന്നിട്ടും തെരുവുകളിൽ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാനാണ് അവർ താൽപര്യപ്പെടുന്നത്. വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെങ്കിൽ സഭ തടസ്സപ്പെടുത്താതെ പാർലമെന്റിൽ ചർച്ചയ്ക്ക് പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നീറ്റ് ചോർച്ചയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ശക്തമായ ധർണ സംഘടിപ്പിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കളും അണിനിരന്നിരിക്കുകയാണ്. തുടർന്ന്, കേന്ദ്രസർക്കാർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സമ്മർദ്ദത്തിലാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

