നീറ്റ് പരീക്ഷാ തട്ടിപ്പ്: ടെലഗ്രാം വഴി ചോദ്യപേപ്പർ കച്ചവടവും അക്കൗണ്ട് ഹാക്കിങും; മൂന്നുപേർ പിടിയിൽ
text_fieldsഅഹ്മദാബാദ്: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാജ ചോദ്യപേപ്പർ വാഗ്ദാനം ചെയ്തും പരീക്ഷാ ഫീസ് റീഫണ്ട് തട്ടിയെടുത്തും പ്രവർത്തിച്ചു വന്ന മൂന്നുപേരെ അഹ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെ കബളിപ്പിച്ചതിന് രാജസ്ഥാനിലെ കോട്ടയിൽ നിന്ന് രണ്ടുപേരെയും, വിദ്യാർഥികളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഫീസ് റീഫണ്ട് തട്ടിയെടുത്തതിന് ബിഹാർ സ്വദേശിയായ ഒരാളെയുമാണ് പിടികൂടിയത്.
'പ്രൈവറ്റ് മാഫിയ' എന്ന പേരിൽ എട്ട് ടെലഗ്രാം ചാനലുകൾ തുടങ്ങി നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ കൈവശമുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയായിരുന്നു തട്ടിപ്പ്. ജയ്പൂർ സ്വദേശി സുമേർ സിംഗ് മീന, കോട്ട സ്വദേശി ആകാശ് മീന എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. ഇവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം 1.5 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പുകളും ഇവർ നടത്തിവരികയായിരുന്നു.
രണ്ടാമത്തെ കേസിൽ, ബിഹാറിലെ ഗയ സ്വദേശിയായ നവീൻ യാദവാണ് അറസ്റ്റിലായത്. മേയ് മൂന്നിന് നടത്താനിരുന്ന നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പരീക്ഷാ ഫീസ് റീഫണ്ട് തട്ടിയെടുക്കാനാണ് ഇയാൾ ശ്രമിച്ചത്. ദുർബലമായ പാസ്‌വേഡുകൾ ഉപയോഗിച്ച് വിദ്യാർഥികളുടെ നീറ്റ് പോർട്ടൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്.
ഏകദേശം 350 അക്കൗണ്ടുകൾ ലക്ഷ്യമിട്ട ഇയാൾ 150 എണ്ണത്തിൽ അനധികൃതമായി പ്രവേശനം നേടി. തുടർന്ന്, ഈ അക്കൗണ്ടുകളിലെ ബാങ്ക് വിവരങ്ങൾ മാറ്റി സ്വന്തം അക്കൗണ്ട് വിവരങ്ങൾ നൽകി റീഫണ്ട് തുക കൈക്കലാക്കുകയായിരുന്നു. ഒരു വിദ്യാർഥിയുടെ പിതാവ് സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് നവീൻ യാദവിനെ പിടികൂടാനായത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

