ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ വീണ്ടും അറസ്റ്റ്; ഒരുമാസത്തിനിടെ കശ്മീരി മാധ്യമപ്രവർത്തകൻ അറസ്റ്റിലാകുന്നത് മൂന്നാം തവണ
text_fieldsശ്രീനഗർ: മാധ്യമപ്രവർത്തകനായ ഫഹദ് ഷായെ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ശ്രീനഗർ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഫഹദ് ഷായെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 2020 മേയിൽ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ഫഹദ് ചെയ്ത റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് നിലവിലെ അറസ്റ്റ്.
വിവിധ കേസുകളിൽ സ്പെഷ്യൽ കോടതിയിൽ നിന്നും, ഷോപിയാൻ കോടതിയിൽ നിന്നും ജാമ്യം നേടിയതിന് പിന്നാലെയാണ് മൂന്നാമത്തെ അറസ്റ്റ്.
പ്രാകൃത സമൂഹത്തിൽ നിങ്ങൾക്ക് ജാമ്യം ചോദിക്കാൻ പ്രയാസമാണ്, ഒരു പരിഷ്കൃത സമൂഹത്തിൽ നിങ്ങൾക്ക് അത് നിരസിക്കാൻ പ്രയാസമാണ്. ജാമ്യം ഒരു നിയമമാണ്, അത് നിരസിക്കുന്നത് ഒരു അപവാദമാണെന്നും ജാമ്യം അനുവദിച്ച് ഷോപിയാൻ മജിസ്ട്രേറ്റ് സയീം ഖയ്യൂം കുറിച്ചു.
'ദി കശ്മീർ വാല' എന്ന മാഗസിനിലെ ചീഫ് എഡിറ്ററായ ഫഹദ് ഷായെ ഫെബ്രുവരി നാലിനാണ് പുൽവാമ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 22 ദിവസത്തെ കസ്റ്റഡിവാസത്തിന് ശേഷം എൻ.ഐ.എ പ്രത്യേക കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് ഷോപിയാൻ പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
നിലവിൽ ശ്രീനഗറിലെ സഫകടൽ പൊലീസ് സ്റ്റേഷനിലാണ് ഫഹദ്. ജാമ്യത്തിനുള്ള നടപടികൾ സ്വീകരിച്ചതായി അഭിഭാഷകൻ അറിയിച്ചു.
വ്യാജ വാർത്തകളുടെ പ്രചരണം, തീവ്രവാദത്തെ മഹത്വവൽക്കരിക്കൽ, ക്രമസമാധാനം തകർക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുക തുടങ്ങിയ മൂന്ന് കേസുകളാണ് ഫഹദിനെതിരെയുള്ളത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ജനുവരിയിലാണ് ഫഹദിനെതിരായ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. റിപ്പബ്ലിക് ദിനാഘോഷം നടത്താൻ ഇസ്ലാമിക് മതപഠനശാലയെ നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫഹദ് നൽകിയ റിപ്പോർട്ടിൽ ദി കശ്മീർവാല ഉൾപ്പെടെ രണ്ട് വാർത്താ പോർട്ടലുകൾക്കെതിരെ സൈന്യം നൽകിയ പരാതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

