Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐ.പി.എൽ ആവേശം...

ഐ.പി.എൽ ആവേശം അക്രമമായി; കുർണൂലിൽ ആർ.സി.ബി ആരാധകർ ബസ് തകർത്തു, ഗതാഗതം തടസ്സപ്പെടുത്തി

text_fields
bookmark_border
ഐ.പി.എൽ ആവേശം അക്രമമായി; കുർണൂലിൽ ആർ.സി.ബി ആരാധകർ ബസ് തകർത്തു, ഗതാഗതം തടസ്സപ്പെടുത്തി
cancel

ഹൈദരാബാദ്: ഐ.പി.എൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB) വിജയിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശിലെ കുർണൂലിൽ ആരാധകരുടെ വിജയാഘോഷം അക്രമാസക്തമായി. ആർ.സി.ബി ആരാധകരിൽ ചിലർ പൊതുമുതൽ നശിപ്പിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തത് മേഖലയിൽ വലിയ തോതിൽ ക്രമസമാധാന പ്രശ്നമുണ്ടാക്കി.

ഞായറാഴ്ച രാത്രി വൈകി മത്സരം അവസാനിച്ചതിന് പിന്നാലെ നൂറുകണക്കിന് യുവാക്കളാണ് ആർ.സി.ബി പതാകകളും ബാനറുകളുമായി തെരുവിലിറങ്ങിയത്. ആഘോഷങ്ങൾക്കിടെ കുർണൂലിലെ രാജു വിഹാർ സെന്ററിൽ തടിച്ചുകൂടിയ ആരാധകർ റോഡ് പൂർണ്ണമായി ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

ആഘോഷത്തിമിർപ്പിനിടയിൽ ഒരുസംഘം യുവാക്കൾ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസിന്റെ ജനൽച്ചില്ലുകൾ പൂർണ്ണമായി തകരുകയും വാഹനത്തിന് വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ സമയം ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ അപ്രതീക്ഷിത അക്രമത്തിൽ പരിഭ്രാന്തരായി.

വിവരമറിഞ്ഞ് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും അക്രമാസക്തരായ ജനക്കൂട്ടത്തെ ലാത്തിവീശി ഓടിക്കുകയുമായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസിന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനും കഴിഞ്ഞത്.

ആഘോഷങ്ങൾ ആകാമെന്നും എന്നാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബസിന്റെ ചില്ലുകൾ തകർത്ത അക്രമികളെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് കുർണൂൽ സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.

ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തുടർച്ചയായ രണ്ടാം വർഷവും ഐ.പി.എൽ കിരീടം സ്വന്തമാക്കിയത്. റൺചേസിങിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത വിരാട് കോലി 42 പന്തിൽ നിന്ന് 9 ഫോറുകളും 3 സിക്സറുകളുമടക്കം 75 റൺസോടെ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കോലിയുടെ ഐ.പി.എൽ കരിയറിലെ ഏറ്റവും വേഗതയേറിയ അർദ്ധസെഞ്ച്വറിയും (25 പന്തിൽ) ഈ മത്സരത്തിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL finalKurnoolRCBvictory celebration
News Summary - RCB IPL victory celebrations turn chaotic in Kurnool, bus damaged
Next Story