പശ്ചിമേഷ്യൻ പ്രതിസന്ധി ബാധിച്ചേക്കും -ആർ.ബി.ഐ
text_fieldsമുംബൈ : പശ്ചിമേഷ്യൻ പ്രതിസന്ധി സമ്പദ്വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി, സാമ്പത്തിക വർഷത്തിലെ ആദ്യ പണനയത്തിൽ തൽസ്ഥിതി തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). പലിശനിരക്ക് 5.26 ശതമാനത്തിൽ നിലനിർത്താൻ പണനയ സമിതി യോഗം തീരുമാനിച്ചു. ഇതോടെ ഭവനവായ്പകളിലും നിക്ഷേപങ്ങളിലും പലിശനിരക്കിൽ മാറ്റമുണ്ടാകില്ല. ബാങ്കുകൾ വാങ്ങുന്ന ഹ്രസ്വകാല വായ്പകൾക്ക് റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ആറാഴ്ച നീണ്ട പശ്ചിമേഷ്യൻ യുദ്ധത്തിന് താൽക്കാലിക വിരാമമായെങ്കിലും അനിശ്ചിതത്വം പൂർണമായും ഒഴിവായിട്ടില്ല. സംഘർഷം കാരണം ക്രൂഡോയിൽ വില കൂടുകയും രൂപ തകരുകയും വിലക്കയറ്റമുണ്ടാവുകയും ചെയ്തിരുന്നു. ലോകത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ കാത്തിരുന്ന് കാണാമെന്നാണ് നിലപാടെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. പണപ്പെരുപ്പം പരിധിക്കുള്ളിൽ തുടരുന്നുണ്ടെങ്കിലും അസ്ഥിരമായ എണ്ണ വിപണിയടക്കമുള്ള അവസ്ഥകൾ മുന്നിൽക്കണ്ടാണ് നിരക്കിൽ മാറ്റംവരുത്താതിരുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ (2027 മാർച്ച് വരെ) പണപ്പെരുപ്പം 4.6 ശതമാനമായിരിക്കുമെന്നാണ് ആർ.ബി.ഐ അനുമാനിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ റിപ്പോ നിരക്കുകൾ 125 ബേസിസ് പോയന്റുകൾ കുറച്ചിരുന്നു. ഇതോടെ ഭവനവായ്പയടക്കമുള്ള വായ്പകളിലെ പലിശ നിരക്ക് കുറഞ്ഞിരുന്നു. പശ്ചിമേഷ്യൻ സംഘർഷം വളർച്ചയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. മതിയായ പണലഭ്യത ഉറപ്പാക്കാൻ മുൻകൈയെടുക്കുമെന്നും ആർ.ബി.ഐ ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

