ആർ.ബി.െഎ ഗവർണർ ശക്തികാന്ത ദാസ് വൻ അഴിമതിക്കാരൻ –സുബ്രമണ്യം സ്വാമി
text_fieldsന്യൂഡൽഹി: ആർ.ബി.െഎ ഗവർണറായി നിയമിതനായ ശക്തികാന്ത ദാസിനെതിരെ കടുത്ത ആരോപണ വുമായി ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി. ശക്തികാന്ത ദാസ് വൻ അഴിമതിക്കാരനാണെന്നും അത്തരമൊരാളെ കേന്ദ്ര ബാങ്കിെൻറ തലപ്പത്ത് നിയോഗിച്ചതു തന്നെ അമ്പരപ്പിച്ചുവെന്നും സ്വാമി ഒരു പരിപാടിക്കിടെ പറഞ്ഞു.
അഴിമതിയെ തുടർന്ന് ധനമന്ത്രാലയത്തിൽനിന്ന് അദ്ദേഹത്തെ നീക്കിയത് താനാണെന്നും അങ്ങനെയൊരാൾ ആർ.ബി.െഎ ഗവർണർ പദവിയിലെത്തിയത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും സ്വാമി പറഞ്ഞു. ഗവർണർ തസ്തികയിലേക്ക് കൂടുതൽ അനുയോജ്യൻ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്മാനേജ്മെൻറിലെ പ്രഫസർ ആർ. വൈദ്യനാഥൻ ആണെന്ന് താൻ കരുതുന്നുവെന്നും പഴയ സംഘ്പരിവാർ പ്രവർത്തകനായ അദ്ദേഹം ‘നമ്മുടെ ആളാണെ’ന്നും സ്വാമി പറഞ്ഞു.
ഉർജിത് പേട്ടൽ രാജിവെച്ചതിനെ തുടർന്ന് ഡിസംബർ 11നാണ് ശക്തികാന്ത ദാസിലെ ആർ.ബി.െഎയുടെ തലപ്പത്ത് നിയോഗിച്ചത്. കേന്ദ്ര സർക്കാറും ആർ.ബി.െഎയും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തിൽ ആയിരുന്നു ഒരു വർഷത്തോളം കാലാവധി ഉണ്ടായിരിക്കെ പേട്ടലിെൻറ രാജി.