രവി പൂജാരി പിടിയിലായത് ബാർബർ ഷോപ്പിൽവെച്ച്; വിവരങ്ങൾ പുറത്തുവിട്ട് കർണാടക സർക്കാർ
text_fieldsബംഗളൂരു: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കർണാടക സർക്കാർ പുറത്തുവിട്ടു. മൂന്ന് ബസുകളിലായി സെനഗൽ പൊലീസിെൻറ സായുധ സേന നടത്തിയ ഓപറേഷനിലാണ് രവി പൂജാരി പിടിയിലായതെന്നും പൂജാരിയെ വിട്ടുനൽകാൻ തയാറാണെന്ന് സെനഗൽ ഇന്ത്യയെ അറിയിച്ചെന്നും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഓഫിസ് വ്യക്തമാക്കി. സെനഗൽ തലസ്ഥാനമായ ഡക്കറിലെ ബാർബർ ഷോപ്പിലാണ് പിടിയിലായതെന്നും വാർത്തക്കുറിപ്പിലുണ്ട്. അഞ്ചു ദിവസത്തിനകം ബംഗളൂരുവിലെത്തിക്കുമെന്നാണ് വിവരം.
ഗിനി, ഐവറി കോസ്റ്റ്, സെനഗൽ, ബുർകിനഫാസോ എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലാണ് രവി പൂജാരി ഒളിവിൽ കഴിഞ്ഞത്. ഇവിടങ്ങളിൽ രവി പൂജാരിക്ക് ഹോട്ടൽ ശൃംഖലയുണ്ട്. ആൻറണി ഫെർണാണ്ടസ് എന്ന പേരിൽ ഭാര്യക്കും കുട്ടികൾക്കുമൊപ്പമായിരുന്നു കഴിഞ്ഞത്. രവി പൂജാരിക്കെതിരെ കർണാടക, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കേസുകളുണ്ട്. 2001 മുതൽ ഇയാൾക്കായി വലവിരിെച്ചങ്കിലും പിടികൂടാനായില്ല. നിരപരാധികളെ ഭീഷണിപ്പെടുത്തി പണം തട്ടലാണ് രീതി.
വ്യവസായികൾ, ഡോക്ടർമാർ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ, ജ്വല്ലറി ഉടമകൾ, ബോളിവുഡ്, കന്നട സിനിമ താരങ്ങൾ, രാഷ്ട്രീയക്കാർ, ഖനി വ്യവസായികൾ, വൻകിട വ്യാപാരികൾ തുടങ്ങിയവരെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇത്തരത്തിൽ നിരവധി പേർ ബംഗളൂരുവിലും മംഗളൂരുവിലുമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. രവി പൂജാരിയെ പിടികൂടാൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കർണാടക ഡി.ജി.പി നീലമണി രാജുവിനെയും എ.ഡി.ജി.പി (ഇൻറലിജൻസ് ) ഡോ. അമർ കുമാർ പാണ്ഡെയെയും ചുമതലപ്പെടുത്തിയിരുന്നു.
ഇൻറർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചു. തുടർന്ന്, രവി പൂജാരിയുടെ ആഫ്രിക്കയിലെ ബന്ധങ്ങളിലേക്ക് അന്വേഷണം നീണ്ടു. ആൻറണി ഫെർണാണ്ടസ് എന്ന പേരിൽ ബുർകിനഫാസോ പാസ്പോർട്ട് രവി പൂജാരി സംഘടിപ്പിച്ചതായി തെളിഞ്ഞു. ഇവിടെ നിന്ന് രക്ഷപ്പെട്ട് പലയിടങ്ങളിലായി കഴിയുകയായിരുന്നു. സെനഗൽ തലസ്ഥാനമായ ഡക്കറിലുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ എ.ഡി.ജി.പി അമർ കുമാർ, സെനഗലിലെ ഇന്ത്യൻ അംബാസഡർ രാജീവ് കുമാറുമായി ബന്ധപ്പെട്ടു. സെനഗലിലെ ആഭ്യന്തര മന്ത്രാലയത്തെ വിവരമറിയിച്ചു. തുടർന്നാണ് സെനഗൽ ജുഡീഷ്യൽ പൊലീസ് ഡയറക്ടർ സെയ്ദോവു ബോക്കാറിെൻറ നേതൃത്വത്തിൽ സായുധ പൊലീസ് ഡക്കറിലെ ബാർബർ ഷോപ്പിൽവെച്ച് രവി പൂജാരിയെ പിടികൂടുന്നത്.
ജനുവരി 21നാണ് അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. ‘ഒാപറേഷൻ രവി പൂജാരി’ എന്ന പേരിലാണ് കർണാടക െപാലീസ് പദ്ധതി നടപ്പാക്കിയത്. മംഗളൂരുവിലെ രണ്ടു കേസുകളിൽ രവി പൂജാരിയുടെ അനുയായികളെ ജീവപര്യന്തത്തിന് ശിക്ഷിച്ചിട്ടുണ്ട്. ബംഗളൂരുവിൽ 39 കേസുകളും മംഗളൂരുവിൽ 36 കേസുകളും ഉഡുപ്പിയിൽ 11ഉം മൈസൂരു, ഹുബ്ബള്ളി ധർവാദ് സിറ്റി, കോലാർ, മംഗളൂരു ജില്ല, ശിവമൊഗ്ഗ എന്നിവിടങ്ങളിലായി ഒരോ കേസുമുണ്ട്. നടപടികൾ പൂർത്തിയാക്കി രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാൻ എ.ഡി.ജി.പി അമർകുമാർ പാണ്ഡെയെ കർണാടക സർക്കാർ ചുമതലപ്പെടുത്തി. അറസ്റ്റ് വിവരം മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടതിന് പിന്നാലെയാണ് വാർത്തക്കുറിപ്പിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
