പുതുക്കോട്ടയിൽ 10ാം നൂറ്റാണ്ടിൽ നിർമിച്ച ജൈന തീർത്ഥങ്കരന്റെ അപൂർവ ശിൽപം കണ്ടെത്തി
text_fieldsപുതുക്കോട്ട: തമിഴ്നാട്ടിലെ പതുക്കോട്ട ജില്ലയിൽ തിരുമോയം താലൂക്കിൽ നിന്ന് പത്താം നുറ്റാണ്ടിലേതെന്ന് കരുതുന്ന ജൈന തീർത്ഥങ്കരനായ മഹാവീരന്റെ അപൂർവ ശിൽപവിഗ്രഹം കണ്ടെടുത്തു. പുതുക്കോട്ട ആർക്കിയോളജിക്കൽ ഫോറം ഉപജ്ഞാതാവായ മണികണ്ഠനാണ് ഈ അപുർവ ശിൽപം കണ്ടെത്തിയത്.
ഒരു ഇൻഷുറൻസ് കമ്പനിയിലെ മാനേജരായ നലൻകിള്ളിയാണ് ഇതു സംബന്ധിച്ച സൂചന ആദ്യം നൽകുന്നത്. കുറ്റിക്കാട്ടിനുള്ളിൽ അവഗണിക്കപ്പെട്ട നിലയിലായിരുന്നു ശിൽപം ആദ്യം കണ്ടെത്തുന്നത്. തുടർന്ന് മണികണ്ഠനും സംഘവും ഫീൽഡ് സ്റ്റഡി നടത്തിയാണ് 24ാം ജൈന തീർത്ഥങ്കരനായ മഹാവീരന്റെ ശിൽപമാണെന്ന് കണ്ടെത്തിയത്.
90 സെന്റിമീറ്റർ ഉയരവും 47 സെന്റിമീറ്റർ വീതിയുമുള്ളതാണ് ശിൽപം. മഹാവീരൻ പത്മാസനത്തിലിരിക്കുന്ന തരത്തിലാണ് ഈ ശിൽപം. കൈകൾ ധ്യാനമുദ്രയിലാണ്. മുഖത്ത് ശാന്തതയും ആർദ്രതയും നിഴലിക്കുന്നതാണ് ശിൽപമെന്ന് മണികണ്ഠൻ പറയുന്നു.
മനോഹരമായ ശിൽപ ചാതുരിയോടെ നിർമിച്ചതാണിത്. മഹാവീരൻ ഒരു മരച്ചുവട്ടിൽ ഇരിക്കുന്ന രീതിയിലാണ് നിർമാണം. മുകളിൽ കുട, മരം, പ്രഭാവലയം എല്ലാം കൊത്തിവെച്ചിട്ടുണ്ട്. അഭയം, അനുകമ്പ, ജ്ഞാനം എന്നവിയെ ധ്വനിപ്പിക്കുന്ന മൂന്ന് ഹിരണ്യ വരകൾ കഴുത്തിൽ കൊത്തിയിട്ടുണ്ട്.
പുതുക്കോട്ടയിൽ തന്നെ കണ്ടെത്തിയിട്ടുള്ള ജൈന ശിൽപങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ നിർമാണം. ഇരു വശത്തുമായി ജൈന ആരാധനയുടെ ഭാഗമായ യക്ഷന്റെയും യക്ഷിണിയുടെയും ശിൽപങ്ങളുമുണ്ട്.
ചോള കാലഘട്ടത്തിൽ നിർമിച്ചതാണെന്നാണ് കണക്കാക്കുന്നത്. ചോള കാലഘട്ടത്തിൽ പുതുക്കോട്ട ഭാഗത്ത് ജൈനമതം വളരെയധികം പുഷ്ടിപ്പെട്ടിരുന്നു. അടുത്തകാലത്ത് ഇവിടെ നിന്ന് പല ജൈന ശിൽപങ്ങളും കണ്ടെത്തിയിരുന്നു. ഇത്തരം ശിൽപങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാട്ടുകാർക്ക് ബോധവത്കരണവും റിസർച്ച് ടീം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

