രാജ്യത്തെ ബലാത്സംഗ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു -ബി.എൻ ശ്രീകൃഷ്ണ
text_fieldsന്യൂഡൽഹി: രാജ്യത്ത് ബലാത്സംഗ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ. കുറ്റാരോപിതരുടെ പേര് പുറത്ത് പോവാതെ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപിക നാരായൺ ഭരദ്വാജും നീരജ് കുമാറും ചേർന്ന് സംവിധാനം ചെയ്‌ത 'ഇന്ത്യാസ് സൺസ്' എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദർശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലാത്സംഗ കുറ്റം ആരോപിക്കപ്പെട്ടതിന് ശേഷം പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ട നിരപരാധികളുടെ കഥ പറയുന്ന ചിത്രമാണിത്.
ബലാംത്സംഗ കേസുകളെ വളരെ വസ്തുനിഷ്ടമായി കാണേണ്ട സമയമാണിത്. സാധാരണ കുറ്റാരോപിതനെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടില്ലെങ്കിൽ പ്രതി നിരപരാധിയാണെന്നാണ് പൊതുവെ അനുമാനിക്കപ്പെടുന്നത്. എന്നാൽ ബലാംത്സംഗ കേസുകളിൽ സ്ത്രീകൾ പറയുന്നതെല്ലാം സത്യമായി കണക്കാക്കപ്പെടുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള മാർഗം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ജഡ്ജിയായിരുന്നപ്പോൾ നിരവധി ബലാത്സംഗ കേസുകൾ കണ്ടിട്ടുണ്ട്. മിക്ക കേസുകളിലും പരസ്പര സമ്മതത്തോടെ ദീർഘകാലമായി ഒരുമിച്ച് താമസിച്ചതിന് ശേഷം പിന്നീട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോൾ സ്ത്രീകൾ ബലാത്സംഗ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുകയാണ്. ഒരു രഹസ്യ ബന്ധം പുറത്താകുമ്പോൾ അതിന്‍റെ അപമാനത്തിൽനിന്ന് പുറത്ത് വരാൻ വേണ്ടിയും ബലാത്സംഗം ആരോപിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട് -ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.
ഒരാൾ ബലാത്സംഗ ആരോപിതനായി അറസ്റ്റിലാകുമ്പോൾ പത്രങ്ങളെല്ലാം ആ വാർത്ത ആഘോഷിക്കുകയാണ്. എന്നാൽ അയാൾ നിപരാധിയാണെന്ന് തെളിയിക്കപ്പെട്ടാൽ അത് ആഘോഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ല. ഇത് വളരെ ഭയാനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർഭയ കേസിന് ശേഷം ബലാത്സംഗ നിയമം ഭേദഗതി വരുത്തിയത് മുതൽ നിയമം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നുണ്ട്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്താതെ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതെന്ത് കൊണ്ട് കുറ്റോരോപിതരുടെ കാര്യത്തിൽ ബാധകമല്ലെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

