പെൺകുട്ടികൾക്ക് വീണ്ടും ക്രൂരപീഡനം
text_fieldsജഗത്സിങ്പുർ: കടുത്ത രോഷത്തിനിടയിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം തുടരുന്നു. ഒഡിഷയിലെ ജഗത്സിങ്പുരിൽ സ്കൂൾ കെട്ടിടത്തിൽ ഒന്നാംക്ലാസുകാരിയെ പത്തും പതിനാലും വയസ്സുള്ള രണ്ട് ആൺകുട്ടികൾ ബലാത്സംഗത്തിനിരയാക്കി. യു.പിയിൽ പെൺകുട്ടി, ബന്ധുവിെൻറ പീഡനത്തെതുടർന്ന് ഗർഭിണിയാകുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ഒഡിഷയിൽ കാന്തഭല്ലഭ്പുരിലെ സ്കൂൾ കെട്ടിടത്തിലാണ് ബാലിക ആക്രമിക്കപ്പെട്ടത്. ശീതളപാനീയം നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാന്തഭല്ലഭ്പുരിലെ ഇൻസ്പെക്ടർ ഇൻചാർജ് രജനീകാന്ത് മിശ്ര പറഞ്ഞു. വേനലവധിക്ക് അടച്ചതിനാൽ സ്കൂൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് അതിക്രമം പുറംലോകമറിഞ്ഞത്. ആരോപണവിധേയരായ ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തു.
ഇവരെയും പെൺകുട്ടിയെയും വൈദ്യ പരിശോധനക്ക് വിധേയമാക്കി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ നേർക്കുള്ള നിരവധി അതിക്രമങ്ങൾക്കാണ് ഒഡിഷ സമീപകാലത്ത് സാക്ഷ്യംവഹിച്ചത്. സാമ്പാൾപുർ ജില്ലയിൽ അഞ്ചു വയസ്സുകാരിയെ പ്രായപൂർത്തിയാവാത്ത ആൺകുട്ടി പീഡിപ്പിച്ചത് ദിവസങ്ങൾക്കു മുമ്പാണ്. മായൂർബഞ്ച് ജില്ലയിൽ മറ്റൊരു സംഭവത്തിൽ 14കാരിയെ ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ച് ഒാേട്ടാറിക്ഷാ ഡ്രൈവർ ബലാത്സംഗം ചെയ്തിരുന്നു. കാലഹാണ്ഡി, ബാലസോർ ജില്ലകളിൽ നിന്നും സമാനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യു.പിയിലെ സാമ്പാളിൽ നടന്ന പീഡനത്തിൽ പെൺകുട്ടിയെ വൈദ്യ പരിശോധനക്കുവിധേയമാക്കിയപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. ജില്ല ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഗിന്നാവുർ മേഖലയിലെ ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ബന്ധുവായ രത്തൻ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. ഏഴു മാസം മുമ്പ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഇയാൾ ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. ഡോക്ടറുടെ പരിശോധനയിലാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
