ഡൊമിനോസ് പിസ ഫ്രാഞ്ചൈസി ഉടമക്കെതിരെ ബലാത്സംഗ പരാതിയുമായി ബോളിവുഡ് നടി
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യവസായി ശ്യം എസ് ഭാർട്ടിയക്കെതിരെ ബലാത്സംഗ പരാതിയുമായി ബോളിവുഡ് നടി. കേസിൽ ഭാർട്ടിയയെ കൂടാതെ മറ്റ് മൂന്ന് പേരും പ്രതികളാണ്.ജുബിലിയന്റ് ഭാരതീയ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണ് ഭാർട്ടിയ. യു.എസിന് പുറത്ത് ഡോമിനോസ് പിസയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ് ഉള്ളത്. മയക്കുമരുന്ന് നൽകി ഭാർട്ടിയയും സുഹൃത്തുക്കളും സിംഗപ്പൂരിൽ വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് ബോളിവുഡ് നടിയുടെ പരാതി.
എന്നാൽ, ആരോപണങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും എല്ലാം വ്യാജമാണെന്നുമാണ് ഭാർട്ടിയയുടെ നിലപാട്. ഇക്കാര്യം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ഭാർട്ടിയ അറിയിക്കുകയും ചെയ്തു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഭാർട്ടിയയുടെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
2024 നവംബർ 11നാണ് യുവതി പൊലീസിന് മുമ്പാകെ പരാതി നൽകിയത്. എന്നാൽ, ഫെബ്രുവരി 22ന് ബോംബെ ഹൈകോടതിയുടെ നിർദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
2022ലാണ് യുവതി ഭാർട്ടിയയെ ആദ്യമായി കണ്ടത്. കേസിലെ മറ്റൊരു പ്രതിയുടെ സഹായത്തോടെ മുംബൈയിലെ ഒരു ഹോട്ടലിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ഭാർട്ടിയ നിർമിക്കുന്ന ബോളിവുഡ് സിനിമയിൽ നായികയാക്കാമെന്ന് കൂടിക്കാഴ്ചയിൽവെച്ച് അറിയിക്കുകയും യുവതിയെ സിംഗപ്പൂരിലേക്ക് ക്ഷണിക്കുകയും ചെയ്തു.
തുടർന്ന് 2023ൽ സിംഗപ്പൂരിൽവെച്ച് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പലപ്പോഴായി യുവതിയെ പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

