ചൂതാട്ടത്തിൽ ഭാര്യയെ പണയം വെച്ചു; നിർബന്ധിത ഗർഭഛിദ്രവും ബലാത്സംഗവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
text_fieldsലഖ്‌നോ: ഭർത്താവിനും കുടുംബത്തിനുമെതിരെ ഞെട്ടിക്കുന്ന പീഡനാരോപണങ്ങളുമായി യുവതി. ചൂതാട്ടത്തിന് അടിമയായ ഭർത്താവ് തന്നെ പണയം വെച്ചതിനെ തുടർന്ന് എട്ട് പേർ കൂട്ടബലാത്സംഗം ചെയ്യുകയും ഭർതൃവീട്ടുകാർ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഇതിനുപുറമേ ബലപ്രയോഗത്തിലൂടെ ഗർഭഛിദ്രം നടത്തുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി ഇവർ ആരോപിച്ചു.
ഉത്തർപ്രദേശിലെ ബാഗ്പത്ത് സ്വദേശിയായ യുവതിയാണ് ഭർത്താവ് ദാനിഷിനും കുടുംബത്തിനുമെതിരെ ബിനോലി പൊലീസിൽ പരാതി നൽകിയത്. വിവാഹത്തിന് തൊട്ടുപിന്നാലെ ഭർത്താവും ഭർതൃവീട്ടുകാരും തന്നെ നിരന്തരമായി ശാരീരികവും ലൈംഗികവുമായ പീഡനത്തിന് ഇരയാക്കിയതായി യുവതി ആരോപിച്ചു. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഭർത്താവ് പതിവായി ഉപദ്രവിക്കുകയും തുടർന്ന് ചൂതാട്ടത്തിൽ ഇവരെ പണയം വെക്കുകയുമായിരുന്നു.
ഭർത്താവും കൂട്ടുകാരും തന്നെ മർദിക്കുകയും മറ്റുള്ളവരോട് ബന്ധം പുലർത്താൻ ആവശ്യപ്പെടുകയും ചെയ്തതായും യുവതി പരാതിപ്പെട്ടു. ചൂതാട്ടത്തിൽ ഭർത്താവ് തോറ്റപ്പോൾ എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഇതിനുപുറമേ ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും നിരന്തരം മർദനമുണ്ടായതായും യുവതിയുടെ പരാതിയിൽ പറയുന്നു. സ്ത്രീധനം കൊടുക്കാത്തതിനാലാണ് തന്നെ ഉപദ്രവിക്കുന്നതെന്ന് ഭർതൃവീട്ടുകാർ പറഞ്ഞതായും പരാതിയിലുണ്ട്. തുടർന്ന് ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി.
ശാരീരിക ഉപദ്രവത്തിന് പുറമേ തന്നെ കൊല്ലാൻ ശ്രമിച്ചതായും യുവതി ആരോപിച്ചു. കാലിൽ ആസിഡ് ഒഴിച്ച ശേഷം നദിയിലേക്ക് തള്ളിയിട്ടാണ് കൊല്ലാൻ ശ്രമിച്ചത്. എന്നാൽ അതുവഴി പോയ യാത്രക്കാരൻ രക്ഷപ്പെടുത്തുകയായിരുന്നു. അവിടുന്ന് രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിലെത്തി വിവരങ്ങൾ പറയുകയായിരുന്നു. തുടർന്നാണ് പീഡനവിവരങ്ങൾ പൊലീസിൽ അറിയിച്ചത്. പരാതി നൽകിയതിനെ തുടർന്ന് യുവതിയുടെ വീട്ടുകാരെ ദാനിഷിന്റെ കുടുംബം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
ദാനിഷിന് പുറമേ കൂട്ടുകാരായ ഉമേഷ് ഗുപ്ത, മോനു, അൻഷുൽ ദാനിഷിന്റെ പിതാവ് യാമിൻ, സഹോദരൻ ഷാഹിദ്,സഹോദരിയുടെ ഭർത്താവ് ഷൗക്കീൻ എന്നിവർക്കെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

